ബോക്‌സിംഗ് ഡേ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

single-img
29 December 2018

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 399 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 42 റണ്‍സെടുത്ത അഗര്‍വാളും 33 റണ്‍സെടുത്ത പന്തും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ആറ് വിക്കറ്റെടുത്ത കമ്മിന്‍സാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ മര്‍ക്കസ് ഹാരിസ് (27 പന്തില്‍ 13) ആരോണ്‍ ഫിഞ്ച്(നാല് പന്തില്‍ മൂന്ന്), ഉസ്മാന്‍ ഖവാജ (59 പന്തില്‍ 33), ഷോണ്‍ മാര്‍ഷ് (72 പന്തില്‍ 44), മിച്ചല്‍ മാര്‍ഷ്(21 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്.

ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം ദിനം 52 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ കൂടി ഇന്ത്യയ്ക്കു നഷ്ടമായി.

മായങ്ക് അഗവര്‍വാള്‍ (42), ഋഷഭ് പന്ത് (33), രവീന്ദ്ര ജഡേജ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. പാറ്റ് കമ്മിന്‍സാണു ഇന്ത്യയെ എറിഞ്ഞുടച്ചത്. 11 ഓവറുകളില്‍നിന്ന് 27 റണ്‍സ് വിട്ടുകൊടുത്ത കമ്മിന്‍സ് ആറു വിക്കറ്റുകള്‍ വീഴ്ത്തി. ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓപ്പണര്‍ ഹനുമ വിഹാരി (45 പന്തില്‍ 13), ചേതേശ്വര്‍ പൂജാര (പൂജ്യം), വിരാട് കോഹ്‌ലി (പൂജ്യം), അജിന്‍ക്യ രഹാനെ (ഒന്ന്), രോഹിത് ശര്‍മ (18 പന്തില്‍ 5) എന്നിവരാണു മൂന്നാം ദിവസം പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.