ഇനിമുതല്‍ പുരുഷ ജീവനക്കാര്‍ക്കും ‘730 ദിവസം’ ശിശുപരിപാലന അവധി !

single-img
29 December 2018

‘ഏക രക്ഷിതാക്കളായ’ പുരുഷ ജീവനക്കാര്‍ക്കും ശിശുപരിപാലന അവധി (സിസിഎല്‍) അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വീസ് കാലയളവില്‍ ആകെ 730 ദിവസം ഈ അവധി എടുക്കാം. നിലവില്‍ വനിതാ ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.

‘അവിവാഹിതനോ വിഭാര്യനോ വിവാഹമോചിതനോ ആയ സര്‍ക്കാര്‍ ജീവനക്കാരനെ’യാണ് ഏക രക്ഷിതാവ് (സിംഗിള്‍ പേരന്റ്) എന്ന് നിര്‍വചിച്ചിട്ടുള്ളത്. 2 കുട്ടികള്‍ക്കു വരെയാണ് ആനുകൂല്യം ലഭിക്കുക. വര്‍ഷത്തില്‍ 3 തവണയായാണു സിസിഎല്‍ എടുക്കാന്‍ കഴിയുക.

ഈ മാസാദ്യം കേന്ദ്ര പഴ്‌സനേല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) ഇറക്കിയ ഉത്തരവു പ്രകാരം ‘ഏക രക്ഷിതാക്കളായ’ സ്ത്രീകള്‍ക്ക് ഒരു വര്‍ഷം 6 തവണ വരെ സിസിഎല്‍ എടുക്കാം. വനിതാ ജീവനക്കാര്‍ക്കു സിസിഎലിനു പുറമേ 180 ദിവസത്തെ പ്രസവാവധിക്കും അര്‍ഹതയുണ്ട്.

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് പുരുഷന്‍മാര്‍ക്ക് 15 ദിവസം അവധി കിട്ടും. പുരുഷനു കൂടി സിസിഎല്‍ ബാധകമാക്കുന്ന ഉത്തരവ് പ്രകാരം 730 ദിവസത്തെ അവധിയുടെ 2–ാം പകുതിയില്‍ ശമ്പളത്തില്‍ 15% കുറയുമെന്ന വ്യവസ്ഥ കൂടിയുണ്ട്.