വിദേശയാത്രകള്‍ക്കായി മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ചെലവാക്കിയത് 2,021 കോടി രൂപ

single-img
29 December 2018

2014 ജൂണ്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി 2,021 കോടി രൂപ ചെലവഴിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് 2014 മുതല്‍ 2018 വരെയുള്ള മോദിയുടെ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്.

മോദി സന്ദര്‍ശിച്ച 10 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ഉണ്ടായതെന്നും വി.കെ സിങ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മോദിയുടെ യാത്രക്ക് ഉപയോഗിച്ച ചാര്‍ട്ടര്‍ വിമാനങ്ങളുടെ അറ്റകുറ്റപണിക്കാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

1,583.18 കോടിയാണ് വിമാനങ്ങളുടെ അറ്റകുറ്റപണിക്കായി ചെലവഴിച്ചത്. യാത്രകള്‍ക്കായി 429.25 കോടിയും ഹോട്ട്‌ലൈന്‍ സേവനത്തിനായി 9.11 കോടിയും ചെലവാക്കി. ഇതെല്ലാം ചേര്‍ത്താണ് മോദിയുടെ വിദേശയാത്രക്ക് ചെലവായ തുക കണക്കാക്കിയത്.

48 വിദേശ യാത്രകളിലായി 55ല്‍ അധികം രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തി. ഇതില്‍ ചില രാജ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ പോയി. 2017-18, 2018-19 സമയങ്ങളിലെ ഹോട്ട്‌ലൈന്‍ സൗകര്യത്തിന് ചെലവായ തുക കേന്ദ്രം പുറത്തുവിട്ടില്ല.