അഗസ്റ്റാ വെസ്റ്റ്‌ലാന്റ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി: ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയാ ഗാന്ധിയുടെ പേര് പറഞ്ഞെന്ന് അന്വേഷണ സംഘം

single-img
29 December 2018

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഏത് സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇറ്റാലിയന്‍ വനിതയുടെ മകനെക്കുറിച്ചും പറഞ്ഞെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.

മിഷേലിന് അഭിഭാഷകരെ ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മിഷേലിനെ ഏഴ് ദിവസത്തേക്ക് കൂടി കോടതി കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ 4നാണു മിഷേലിനെ യുഎഇയില്‍നിന്നു വിട്ടുകിട്ടിയത്.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വി.വി.ഐപികള്‍ക്ക് സഞ്ചരിക്കാനായി ഹെലികോപ്ടര്‍ വാങ്ങാനായിരുന്നു കരാര്‍ നല്‍കിയത്. എന്നാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഈ കരാര്‍ നടപ്പിലായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പിക്കെതിരായി റാഫേല്‍ അഴിമതി ആയുധമാക്കാനൊരുങ്ങിയ വേളയിലാണ് കോണ്‍ഗ്രസിനെ പുതിയ ആരോപണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.