മുത്തലാഖ് ബില്ലില്‍ വോട്ടെടുപ്പ് പ്രതീക്ഷിച്ചില്ലെന്ന് കുഞ്ഞാലിക്കുട്ടി; സിപിഎമ്മിന്റെ 4 പേരും സഭയില്‍ വന്നില്ല: കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി

single-img
29 December 2018

മുത്തലാഖ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിന് വിശദീകരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. താന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് പങ്കെടുത്തതെന്നും ഇക്കാര്യം പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

തീര്‍ച്ചയായും കല്യാണം ഉണ്ടായിരുന്നു, എന്നാല്‍ അത് മാത്രമല്ല, ചന്ദ്രിക പത്രത്തിന്റെ ഗവേണിംഗ് ബോര്‍ഡി യോഗവും ഉണ്ടായിരുന്നു. പുറത്ത് നിന്നുള്ളവര്‍ എത്തുന്ന വളരെ പ്രധാനപ്പെട്ട യോഗം. അത് കൊണ്ടാണ് സഭയിലെത്താനാകാഞ്ഞത്.

ബില്ലിന്റെ ചര്‍ച്ചയില്‍ പൂര്‍ണമായി പങ്കെടുത്ത ശേഷം ബഹിഷ്‌കരിക്കാനാണ് ലീഗ് എം.പിമാര്‍ തീരുമാനിച്ചിരുന്നത്. പെട്ടെന്നുള്ള തീരുമാന പ്രകാരമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. വോട്ടെടുപ്പ് ഉണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അതില്‍ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 27ന് ഉച്ചക്ക് ശേഷം ചന്ദ്രിക ദിനപത്രത്തിന്റെ സുപ്രധാന ഗവേണിങ് ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു. ബന്ധുവിന്റെ കല്യാണ സല്‍കാരത്തില്‍ പങ്കെടുത്തത് വലിയ കാര്യമല്ല. കേരളത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ നിരവധി ഉത്തരവാദിത്തങ്ങള്‍ തനിക്കുണ്ട്.

ചുമതലകള്‍ ചെയ്തു തീര്‍ക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള ഒരു ഇടത് എം.പി ലോക്‌സഭയിലെ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പ്രസംഗിച്ചിരുന്നില്ല. ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലിം മാത്രമാണ് പങ്കെടുത്തത്.

മൂന്നിലധികം ഇടതു എം.പിമാരും മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു പരാതിയുമില്ല. താല്‍ സഭയില്‍ ഇല്ലാത്തത് ഒരു വിവാദമാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മന്ത്രി ജലീല്‍ രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് ലഭിച്ച പിടിവള്ളി അവര്‍ ഉപയോഗിക്കുന്നു എന്നേയുള്ളൂ.

ലീഗ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരം പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. അത് പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമാണ്. എന്നാല്‍, മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത കേരളത്തില്‍ നിന്നുള്ള എം.പി അടക്കമുള്ളവരോട് എന്തു കൊണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ വിശദീകരണം തേടുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇടതുപക്ഷത്തിന്റെ കുറ്റവും കുറവും അവര്‍ സ്വയം പരിശോധിക്കണം. അല്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി ബി.ജെ.പി. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ രംഗത്തുവരണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ ഉണ്ടായിട്ടുള്ള ഭിന്നസ്വരം സ്വാഗതാര്‍ഹമാണ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം കൊണ്ടുവന്ന നരേന്ദ്രമോദി സര്‍ക്കാരിനെ എതിര്‍ക്കുന്നത് മതഭ്രാന്തന്‍മാരും യാഥാസ്ഥിതികരും മാത്രമാണ്.

പുരോഗമനപരമായി ചിന്തിക്കുന്ന ആര്‍ക്കും ഇതിനെ എതിര്‍ക്കാനാവില്ലെന്ന കാര്യം സുവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗില്‍ ഉണ്ടായിട്ടുള്ള ഭിന്നിപ്പിനെ നാം കാണേണ്ടതെന്നാണ് എം.ടി രമേശ് പറയുന്നത്.