മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയോട് പാണക്കാട് തങ്ങള്‍ വിശദീകരണം തേടി

single-img
29 December 2018

ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിന്റെ നിര്‍ണായക ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട് മുസ്‌ലിം ലീഗ് വിശദീകരണം തേടി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്.

മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാത്തത് പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനനത്തിന് വഴിവെച്ച സാഹചര്യത്തിലാണ് ലീഗിന്റെ നടപടി. ഇന്നലെ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ടി മുഹമ്മദ് ബഷീര്‍ പിന്‍തുണച്ചിരുന്നു.

ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു.

അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

വിഷയത്തില്‍ കൃത്യമായ മറുപടി പറയാതെ ലീഗ് നേതാക്കള്‍ ഒഴിഞ്ഞുമാറുമ്പോള്‍, ഇതര സംഘടന നേതാക്കള്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ, എം.ഇ.എസ്,ഐ.എന്‍.എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി തുടങ്ങിയവ കടുത്ത പ്രതിഷേധമറിയിച്ചു.

ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ സി പി എമ്മും ആര്‍ എസ് പി യുടെ എന്‍ കെ പ്രേമചന്ദ്രനും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

മുസ്ലിംലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയാകട്ടെ വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നതേയില്ല. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.