കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം; ‘സ്വാമി ശരണം’ എന്ന് മറുപടി നല്‍കി കുമ്മനം രാജശേഖരന്‍

single-img
29 December 2018

മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ രാഷ്ട്രീയ കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

എന്നാല്‍ ഇതേക്കുറിച്ച് കുമ്മനം രാജശേഖരനോ മറ്റ് ബിജെപി നേതാക്കളോ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കുമ്മനം രാജശേഖരനോട് തന്നെ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ‘സ്വാമി ശരണം’ എന്നുമാത്രം ഉത്തരം നല്‍കിയാണ് അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചത്.

കാലടി ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തിയത്. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.