തൊഴിലുറപ്പ് യോഗത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി; ചര്‍ച്ച വനിതാ മതിലിനെക്കുറിച്ച്: കൊല്ലത്ത് സ്ത്രീകളുടെ പ്രതിഷേധം

single-img
29 December 2018

വനിതാ മതിലിനായി കൊല്ലം പെരിനാട് പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും ഒരു വിഭാഗം സ്ത്രീകള്‍ ഇറങ്ങിപ്പോയി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് തങ്ങളെ വിളിച്ചതെന്നും വനിതാ മതിലിനെപ്പറ്റി പറഞ്ഞില്ലെന്നുമായിരുന്നു ഒരു വിഭാഗം സ്ത്രീകളുടെ വാദം.

വനിതാ മതിലിനെപ്പറ്റി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും സ്ത്രീകള്‍ ബഹളം തുടങ്ങി. ഇതിനെതിരെ സി.ഡി.എസ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ചതോടെ രംഗം വഷളായി. സംഭവം അറിഞ്ഞെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ യോഗം നടന്നിരുന്ന പഞ്ചായത്ത് ഹാളിലേക്ക് തള്ളിക്കയറിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഗതി വഷളാകുമെന്ന് കണ്ടതോടെ യോഗം പിരിച്ച് വിട്ട് പഞ്ചായത്ത് അധികൃതരും തടിയൂരി.