‘ജീവന് ഭീഷണിയുള്ളതിനാലാണ് മാറിനില്‍ക്കുന്നത്; പൊലീസ് കസ്റ്റഡിയില്‍ അല്ല’: കനക ദുര്‍ഗയുടെ വീഡിയോ പുറത്ത്

single-img
29 December 2018

ശബരിമല ക്ഷേത്രദര്‍ശനത്തിനു ശ്രമിച്ചു തിരിച്ചുപോന്ന തന്നെ കാണാനില്ലെന്ന പ്രചാരണം ശരിയല്ലെന്ന് അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. 24 സെക്കന്‍ഡ് ഉള്ള വീഡിയോയിലൂടെയാണ് കനക ദുര്‍ഗ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

‘താന്‍ സുരക്ഷിതയാണ്. ജീവന് ഭീഷണിയുള്ളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിരിക്കുന്നത്. താന്‍ പൊലീസ് കസ്റ്റഡിയില്‍ അല്ലെന്നും കൂട്ടുകാരിയുടെ വീട്ടില്‍ സുരക്ഷിതയാണെന്നും കനക ദുര്‍ഗ പറയുന്നു. വീട്ടിലേക്ക് ഉടന്‍ മടങ്ങിപ്പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും അവര്‍ വീഡിയോയിലൂടെ പറയുന്നുണ്ട്.

കനകദുര്‍ഗയെ കാണാനില്ലെന്നു ഭര്‍ത്താവു നല്‍കിയ പരാതി അന്വേഷിക്കാനായി പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴും താന്‍ തല്‍ക്കാലത്തേക്കു കൂട്ടുകാരിയോടൊപ്പം താമസിക്കുകയാണെന്നാണ് അവര്‍ അറിയിച്ചത്. ഭര്‍തൃവീട്ടുകാര്‍ കനകദുര്‍ഗയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറ്റൊരു സ്ത്രീയാണു ഫോണ്‍ എടുത്തിരുന്നതെന്നു പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലാ പൊലീസ് ഓഫിസുകള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. 24നാണ് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ ശബരിമലയിലേക്കു പുറപ്പെട്ടത്. നീലിമല കഴിഞ്ഞപ്പോള്‍ പ്രതിഷേധമുണ്ടാവുകയും ഇരുവരും തിരികെപ്പോരുകയുമായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ഗയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ യോഗത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞാണു കനകദുര്‍ഗ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും പിന്നീടാണു ശബരിമലയില്‍ പ്രത്യക്ഷപ്പെട്ടതെന്നും കുടുംബം നേരത്തേ അറിയിച്ചിരുന്നു.

കനക ദുർഗ പുറത്ത് വിട്ട വിഡിയോ (28/12/2018)താൻ സുരക്ഷിതയാണ് എന്ന് വെളിപ്പെടുത്തുന്നുhttps://www.facebook.com/132101216952841/posts/1188139864682299/

Posted by Adv Jessin Irina on Friday, December 28, 2018