വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി; എല്‍.ഡി.എഫ് വിപുലീകരണത്തിനെതിരെ വി.എസ്

single-img
28 December 2018

എല്‍.ഡി.എഫ് വിപുലീകരണത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സവര്‍ണ്ണ മേധാവിത്വമുള്ളവരുടെയും വര്‍ഗീയ വിഷങ്ങളുടെയും ഇടമല്ല ഇടതുമുന്നണിയെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ജനാധിപത്യം, തുല്യത എന്നിവയുടെ കൂട്ടായ്മയാകണം ഇടതുപക്ഷം. കുടുംബത്തില്‍ പിറന്നവര്‍ ശബരിമല ചവിട്ടില്ലെന്ന് പറയുന്നവര്‍ ഇടതുപക്ഷത്തിന് ബാധ്യതയാണ്. പുരുഷന്‍ ചെല്ലുന്നിടത്ത് സ്ത്രീകള്‍ക്ക് വിലക്ക് എന്നത് ഭരണഘടനാവിരുദ്ധമാണെന്നും വി.എസ് വ്യക്തമാക്കി.

നാലുപാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമായത്. ഇതോടെ, ലോക് താന്ത്രിക് ദള്‍, കേരള കോണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് എല്‍.ഡി.എഫിലേക്കുള്ള വാതില്‍ തുറന്നത്.

ശബരിമല സൃഷ്ടിച്ച രാഷ്ട്രീയ–സാമൂഹ്യ മാറ്റങ്ങള്‍ കണക്കിലെടുത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമാണ് തിരക്കിട്ടുള്ള മുന്നണിവിപുലീകരണം. ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കൊപ്പം നിന്ന് ഐഎന്‍എല്ലിന് അംഗത്വം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നത് രണ്ട് പതിറ്റാണ്ടിലധികമാണ്. പുതിയ പാര്‍ട്ടികള്‍ വന്നതോടെ എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.