ശോഭ സുരേന്ദ്രന്റെ നിരാഹാര വേദി സന്ദര്‍ശിച്ച ലീഗ് നേതാവിനെ പുറത്താക്കി

single-img
28 December 2018

സെക്രട്ടറിയേറ്റിന് മുന്നില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച നേതാവിനെ മുസ്ലീംലീഗ് പുറത്താക്കി. യുവജനയാത്ര സമാപന ദിവസം തിരുവനന്തപുരത്ത് ശോഭ സുരേന്ദ്രന്റെ നിരാഹാര പന്തല്‍ സന്ദര്‍ശിച്ച മംഗല്‍പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.

ചിത്രത്തിനെതിരെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പരാതിയുമായി നേതൃത്വത്തെ സമീപിച്ചതോടെയാണ് നടപടി. മുഹമ്മദ് ഹാജിക്കെതിരെ വാര്‍ഡ് കമ്മിറ്റി സ്വീകരിച്ച നടപടി പഞ്ചായത്ത് കമ്മിറ്റിയും അംഗീകരിച്ചു. പുതിയ ആക്ടിംഗ് പ്രസിഡന്റായി സീനിയര്‍ വൈസ് പ്രസിഡന്റ് യു.കെ. ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു.

മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗല്‍പാടി പഞ്ചായത്തില്‍ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബി.ജെ.പി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്. ഈ ചിത്രം ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തോടെ വന്‍ വിവാദമായി. തുടര്‍ന്ന് നേതൃത്വത്തിന് പരാതി പ്രവാഹമായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്.