ഫ്‌ളക്‌സിന് പണം ആവശ്യപ്പെട്ടതിന് കടയുടമയെ മര്‍ദിച്ച് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്; കസേരകള്‍ വലിച്ചെറിഞ്ഞും അതിക്രമം

single-img
28 December 2018

തിരുവനന്തപുരത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് കടയുടമയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കവടിയാറിലെ ഫ്‌ളക്‌സ് കടയുടമ സുരേഷിനെയാണ് കടയില്‍ കയറി മര്‍ദിച്ചത്. ഫഌ്‌സ് പ്രിന്റ് ചെയ്തതിന് പണം ആവശ്യപ്പെട്ടപ്പോള്‍ മര്‍ദിക്കുകയായിരുന്നൂവെന്നാണ് പരാതി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ഫ്‌ളകസ് പ്രിന്റ് ചെയ്യിച്ചതില്‍ ശരത്ചന്ദ്രപ്രസാദ് ഒന്നരലക്ഷം രൂപ നല്‍കാനുണ്ട്. ഇത് തരാതെ പുതിയ ജോലി ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ആക്രമിച്ചതെന്ന് കടയുടമ സുരേഷ് പറഞ്ഞു. മര്‍ദിക്കുന്നതും കടയിലെ കസേരകള്‍ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കടയുടമ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പല തവണകളായി ഫഌ്‌സ് അടിച്ച് നല്‍കിയതിന് ഒരു ലക്ഷം രൂപയോളം ശരത് ചന്ദ്ര പ്രസാദ് നല്‍കാനുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ശലഭമേള എന്ന പരിപാടിയുടെ ഫ്‌ളക്‌സടിക്കാന്‍ കഴിഞ്ഞ ദിവസം ശരത് ചന്ദ്ര പ്രസാദ് എത്തി.

പണം നല്‍കിയാലെ ഫ്‌ളക്‌സ് അടിക്കൂ എന്ന് പറഞ്ഞതോടെ ഇയാള്‍ പ്രകോപിതാനായി തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയിലുള്ളത്.

സംഭവത്തിന്റെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗൗരവപരമായി പരിഹാരം ഉണ്ടാകുമെന്ന് പരാതി നല്‍കിയപ്പോള്‍ കെപിസിസി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പരാതി പോലീസില്‍ നല്‍കുന്നില്ലെന്നും സുരേഷ് പറഞ്ഞു.