18 വയസ്സിൽ താഴെയുള്ള കുട്ടികളെ പീ‍ഡിപ്പിച്ചാൽ വധശിക്ഷ: പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

single-img
28 December 2018

പോക്സോ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥചെയ്യുംവിധം നിയമത്തിലെ 4,5,6 വകുപ്പുകളാവും ഭേദഗതി ചെയ്യുന്നത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 2012ലെ പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്ടിൽ(പോക്സോ ആക്ട്) മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. 7 വകുപ്പുകളിലാണ് ഭേദഗതി.

ലൈംഗിക പീഡനത്തിന്‍റെ നിര്‍വചനം കൂടുതല്‍ കൃത്യവും വ്യാപ്തിയുള്ളതുമാക്കും. ഇരകളാകുന്നത് 18 വയസിന് താഴെയുള്ളവരെങ്കില്‍ പോക്സോ നിയമം നിര്‍ബന്ധമായും ബാധകം. കുട്ടികളുടെ പുനരധിവാസം, കൗണ്‍സിലിങ്, ആരോഗ്യസംരക്ഷണം, സ്വകാര്യത എന്നിവയ്ക്ക് കര്‍ശന വ്യവസ്ഥകളുണ്ടാകും.

പ്രകൃതി ദുരന്തങ്ങളും സംഘര്‍ഷസാഹചര്യങ്ങളും ചൂഷണം ചെയ്ത് നടക്കുന്ന പീ‍‍ഡനങ്ങള്‍ തടയാനും പ്രത്യേക വ്യവസ്ഥകളുണ്ടാകും. കുട്ടികളുടെ അശ്ലീല വിഡിയോ ചിത്രീകരിക്കുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നിവയും കടുത്ത കുറ്റം. പ്രായത്തില്‍ കവിഞ്ഞ ലൈംഗിക വളര്‍ച്ചയുണ്ടാകാന്‍ ഹോര്‍മോണുകളോ, രാസപദാര്‍ഥങ്ങളോ നല്‍കുന്നതിനും കര്‍ശനശിക്ഷ നൽകുന്ന വകുപ്പുകളും ദേഭഗതിയിൽ ഉൾപ്പെടുത്തും.

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗത്തിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ 40 വയസ്സുകാരന്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഘം ചെയ്തതും കത്വയിലെ കൂട്ടബലാത്സംഗത്തിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ ഇടപെടലാണ് പുതിയ ഭേദഗതി തീരുമാനത്തില്‍ നിര്‍ണായകമായത്.

സമീപകാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ചൂഷണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. ആഗോള തലത്തില്‍ നടന്ന പല സര്‍വേകളിലും പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.