‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

single-img
28 December 2018

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ രാഷ്ട്രീയജീവിതം ആസ്പദമാക്കി ചിത്രീകരിച്ച ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ട്രെയിലറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അപമാനിക്കുവാന്‍ ശ്രമിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഉണ്ടെന്നും റിലീസിന് മുന്‍പായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് അനുവദിച്ചില്ലെങ്കില്‍ പ്രദര്‍ശനം തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയം പ്രധാന പ്രമേയമായ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. ചിത്രത്തില്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക പ്രദര്‍ശനം ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയക്കുകയായിരുന്നു.

‘മന്‍മോഹന്‍ സിങ്ങിനെയും സോണിയാ ഗാന്ധിയേയും തെറ്റായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ അപമാനിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ല’ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ പറയുന്നു.

അനുപം ഖേര്‍ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങായി എത്തുന്നത്. ട്രെയിലറിലെ അനുപം ഖേറിന്റെ മന്‍മോഹന്‍സിങ്ങ് ആയുള്ള പ്രകടനം ഇതിനോടകം തന്നെ ഏറെ അനുമോദനം നേടിയിട്ടുണ്ട്. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്.

മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.