രാമനാട്ടുകര, തൊണ്ടയാട് മേല്‍പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു; രാഷ്ട്രീയ വിയോജിപ്പ് നാടിന്റെ വികസനത്തിന് തടസ്സമാവരുതെന്ന് മുഖ്യമന്ത്രി

single-img
28 December 2018

കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാത ബൈപാസിലെ രണ്ടു മേല്‍പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോഴിക്കോടിന് കിഴക്ക് ദേശീയപാതയില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് തൊണ്ടയാട് മേല്‍പാലത്തിനും രാമനാട്ടുകര മേല്‍പാലത്തിനും ഡിസ്ട്രിക്ട് ഫ്‌ലാഗ്ഷിപ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി ശശീന്ദ്രന്‍ എന്നിവരും പെങ്കടുത്തു. ഉദ്ഘാടനത്തിന് ശേഷം തൊണ്ടയാട് മേല്‍പ്പാലത്തിലുടെ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിച്ചു.

രാഷ്ട്രീയമായ വിയോജിപ്പ് നാടിന്റെ വികസനത്തിന് തടസ്സമാവരുതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ഓരോ സര്‍ക്കാര്‍ ഇവിടെയില്ല. പകരം എല്ലാവര്‍ക്കും കൂടി ഒരു സര്‍ക്കാരാണുള്ളത്. നാടിന്റെ വികസനത്തിന് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്ഥലം എം.പി എം.കെ രാഘവന്‍, എം.കെ മുനീര്‍ എം.എല്‍.എ എന്നിവര്‍ വിട്ടു നിന്നിരുന്നു. ഇക്കാര്യം പ്രത്യക്ഷമായി പറയാതെ അവരുടെ നിലപാടിനെ ചടങ്ങില്‍ വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ നിന്ന് വിട്ട് നിന്നത് സംബന്ധിച്ച് ഇരുവരുടേയും ഔദ്യോഗിക വിശദീകരണം ഒന്നും ലഭിച്ചില്ലെങ്കിലും ഇരുവര്‍ക്കും വേണ്ടത്ര പരിഗണന നല്‍കിയില്ല എന്നതാണ് ബഹിഷ്‌കരണത്തിന് കാരണമെന്നാണ് അറിയുന്നത്.