വനിതാ മതില്‍: നിര്‍ബന്ധിത പണപ്പിരിവിനെച്ചൊല്ലി വിവാദം: ക്ഷേമപെന്‍ഷന്‍ തുക വാങ്ങിയെന്ന മനോരമ വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് സിപിഎം: വീഡിയോ

single-img
28 December 2018

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് വേണ്ടി ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ വിവാദം കനക്കുന്നു. നവോത്ഥാന സംരക്ഷണ സമിതിയെന്ന പേരില്‍ പണപ്പിരിവ് നടത്തിയത് വനിതാ മതിലിന്റെ സംഘാടകരല്ലെന്നാണ് വിശദീകരണം.

ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന വിശദീകരണവുമായി സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. പണം പിരിച്ചതില്‍ പരാതിയില്ലെന്നും വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവാണെന്നും പെന്‍ഷന്‍കാരായ വൃദ്ധകള്‍ പറയുന്ന വീഡിയോയാണ് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തുവിട്ടത്.

വനിതാ മതിലിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ ക്ഷേമപെന്‍ഷനില്‍നിന്ന് പണപ്പിരിവ് നടത്തുന്നുവെന്നായിരുന്നു മനോരമ വാര്‍ത്ത. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് തങ്ങളെ പൊലീസ് ആണ് എന്ന് പറഞ്ഞു പേടിപ്പിച്ചാണ് അങ്ങനെയൊക്കെ പറയിപ്പിച്ചതെന്ന് മനോരമ ന്യൂസില്‍ വന്ന വാര്‍ത്തയിലെ രണ്ട് സ്ത്രീകള്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പൊലീസ് കൂടെയുണ്ടെന്ന് പറഞ്ഞുകൊണ്ട് പേടിപ്പിക്കുകയും ഉദയകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവ് തങ്ങളോട് എന്തൊക്കെയോ പറഞ്ഞെന്നും അവര്‍ പറഞ്ഞത് അനുസരിച്ച് പേടിച്ച് പറഞ്ഞതാണ് അതെന്നും വീഡിയോയിലൂടെ കുള്ളിയമ്മയും പെട്ടയും പറയുന്നു.

അതേസമയം ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണപ്പിരിവ് നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും ആരെങ്കിലും വ്യതിചലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

വനിതാ മതിലിന് വേണ്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരനും കോഴിക്കോട് വ്യക്തമാക്കി. വനിതാ മതിലിന് വേണ്ടി ആരില്‍ നിന്നും പണം പിരിച്ചിട്ടില്ല. ക്ഷേമപെന്‍ഷന്‍കാരില്‍ നിന്നും പണം വാങ്ങിയതായി താന്‍ അറിഞ്ഞിട്ടില്ല. ഇനി ആരെങ്കിലും പരിപാടിക്ക് സംഭാവന നല്‍കിയാല്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vanitha Mathil Puthusherry News

പുതുശ്ശേരിയില്‍ വനിതാ മതിലിന്‍റെ പേരില്‍ നടന്ന പിരിവിന്‍റെ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം എന്ത്?

Posted by CPIM Palakkad District on Thursday, December 27, 2018