‘ഫഹദ് മികച്ച നടനാണെന്നതില്‍ സംശയമില്ല; പക്ഷേ ഇതിന്റെ കൂട്ടത്തില്‍ ഡെപ്ത് ഇല്ലാത്ത ചില നടന്‍മാരും നല്ല അഭിനേതാക്കളായി അറിയപ്പെടുന്നു’: തുറന്നുപറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസ്

single-img
28 December 2018

പണ്ടത്തെ കാലത്തെ അപേക്ഷിച്ച് അഭിനയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ലാല്‍ ജോസ്. പണ്ടുള്ളവര്‍ ചെയ്യുന്ന പോലെയല്ല പുതിയ തലമുറ അഭിനയിക്കുന്നത്. ഉദാഹരണത്തിന് തൊണ്ടിമുതലില്‍ ഫഹദിന്റെ ചെറിയ നോട്ടത്തില്‍ പോലും വലിയ ഡ്രാമയുണ്ട്.

അത് റിയലിസ്റ്റിക്കാണ് എന്ന് നമുക്ക് തോന്നുകയും ചെയ്യും. അത് ഒരു അഭിനേതാവിന്റെ വിജയമാണ്. ഫഹദ് മികച്ച നടനാണെന്നതില്‍ സംശയമില്ല. പക്ഷേ ഇതിന്റെ കൂട്ടത്തില്‍ ഡെപ്ത് ഇല്ലാത്ത ചില നടന്‍മാരും നല്ല അഭിനേതാക്കളായി അറിയപ്പെടുന്നുണ്ടെന്നും ലാല്‍ പറഞ്ഞു.

സിനിമയിലെ സാങ്കേതിക വിദ്യ ഒരുപാട് മുന്നോട്ടു പോയപ്പോള്‍ അഭിനയത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ തന്നെ നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു. ഇന്നത്തെ അഭിനേതാക്കള്‍ക്ക് സ്വാതന്ത്ര്യം കൂടുതലാണ്.

സ്‌പോട്ട് സൗണ്ടും കൂടി വരുമ്പോള്‍ വെറുതെ ബിഹേവ് ചെയ്താല്‍ മതി. പക്ഷേ അതിനെ ഗംഭീരമായ ആക്ടിങ് ആയി തെറ്റിദ്ധരിക്കുന്നത് അപകടമാണ്. കാരണം ഡ്രാമാറ്റിക് ആയി അഭിനയിക്കേണ്ട അവസരത്തില്‍ ഇത്തരം അഭിനേതാക്കള്‍ കഷ്ടപ്പെടുന്നത് കാണാമെന്നും ലാല്‍ പറഞ്ഞു.

മുതിര്‍ന്ന സംവിധായകര്‍ക്കും ഡേറ്റ് നല്‍കണമെന്ന് പുതിയ തലമുറയില്‍പ്പെട്ട പല അഭിനേതാക്കളോടും താന്‍ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സംവിധായകരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അനുഭവങ്ങളാണ് ഏറ്റവും നല്ല പാഠപുസ്തകം.

അതുകൊണ്ട് തന്നെ പുതിയ തലമുറയില്‍പ്പെട്ട അഭിനേതാക്കള്‍ക്ക് അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനാകും. അതൊക്കെ അഭിനയ ജീവിതത്തിന് മുതല്‍ക്കൂട്ടാണെന്നും ലാല്‍ പറഞ്ഞു. ജമേഷ് കോട്ടയ്ക്കല്‍ അവതരിപ്പിക്കുന്ന ജമേഷ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.