കേജ്‌രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ മത്സരിച്ച് ചുമച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ പരിഹാസം; ഒടുവില്‍ പ്രവര്‍ത്തകരെ ശാസിച്ച് നിശബ്ദരാക്കി നിതിന്‍ ഗഡ്കരി: വീഡിയോ

single-img
28 December 2018

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പരിഹസിച്ച് ചുമച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയും ഡല്‍ഹി ജല്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് സംഭവം.

കേജ്‌രിവാള്‍ സംസാരിക്കാന്‍ തുടങ്ങിയ ഉടന്‍ മുന്‍ നിരയിലുണ്ടായിരുന്നവര്‍ സംഘമായി ചുമയ്ക്കാന്‍ തുടങ്ങി. നിശബ്ദരായിരിക്കാന്‍ കേജ്‌രിവാള്‍ ആവശ്യപ്പെട്ടെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ചുമ തുടരുകയായിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന ഗഡ്കരി ഇടപെട്ടു.

ഇതൊരു ഔദ്യോഗിക പരിപാടിയാണെന്നും നിശബ്ദത പാലിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. തുടര്‍ന്ന് ശബ്ദമുണ്ടാക്കിയവര്‍ നിശബ്ദരായി. ശേഷം പ്രസംഗം തുടര്‍ന്ന കെജ്‌രിവാള്‍ എതിര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ആളാണെന്ന തോന്നല്‍ നിതിന്‍ ഗഡ്കരി നമ്മളില്‍ ഉണ്ടാക്കാറില്ലെന്ന് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചു.

മറ്റുള്ളവരെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കാണിക്കുന്ന സ്‌നേഹം ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലും ലഭിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സംസ്ഥാന ജലവിഭവ മന്ത്രി സത്യപാല്‍ സിങ്, ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിമാര്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഏറെക്കാലമായി ചുമകാരണം ബുദ്ധിമുട്ടുന്ന ആളാണ് കേജ്‌രിവാള്‍. അതിന്റെ ഭാഗമായി 2016ല്‍ അദ്ദേഹം ഒരു സര്‍ജറിക്ക് വിധേയനാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ പരിഹസിച്ച് ചുമച്ചത്.