പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ ആജീവനാന്തം ജയിലിൽ കിടത്തും എന്ന് ഭീഷണി ഫോൺ കോളുകള്‍; പിന്നിൽ ബിജെപി ഐ.ടി സെല്‍?

single-img
28 December 2018

പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ ആജീവനാന്തം ജയിലിൽ കിടത്തും എന്ന് ഭീഷണി സന്ദേശം. സോഷ്യൽ മീഡിയയിൽ സജീവമായ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രൊഫൈലുകൾ തിരഞ്ഞുപിടിച്ചാണ് വ്യാജ ഭീഷണി കോളുകൾ വരുന്നത്. കേന്ദ്ര ഇൻറലിജൻസ് ബ്യുറോ ഉൾപ്പടെ ദേശീയ അന്വേഷണ ഏജൻസികളുടെ പേരിലാണ് ഭീഷണി ഫോൺ കോളുകൾ ലഭിക്കുന്നത്.

തിരുവനന്തപുരത്ത് ഡി.വൈ.എഫ് ഐ. ജില്ലാ കമ്മിറ്റി അംഗം സുർജിത്തിനാണു ഇന്ന് രാവിലെ കേന്ദ്ര ഇന്റെലിജെൻസ് ബ്യുറോയുടെ പേരിൽ ഭീഷണി കോൾ വന്നത്. സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്ന് പറഞ്ഞ് ഐ ബി ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് ഫോൺ വിളിച്ചത്. പിന്നീട് സുർജിത്തിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയും, ജോലി തെറിപ്പിക്കുമെന്നും, ഫോൺ നിരീക്ഷണത്തിലാണെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരെ ഇനി ഒരൊറ്റ പോസ്റ്റ് പോലും ഇടരുതെന്നും, ഇട്ടാൽ ജീവിതം തന്നെ നശിപ്പിച്ചുകളയുമെന്നും മുന്നറിയിപ്പ് നൽകി.

കൂടാതെ 9 ന് ഡൽഹിയിലെ Intelligence Bureau Sardar Patel Marg-Chanakya Puri, Delhi. എന്ന അഡ്രസിലുള്ള ഓഫീസിൽ എത്തണമെന്നും, അല്ലാത്തപക്ഷം കൊച്ചിയിലെ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് ഭീഷണി കോൾ അവസാനിപ്പിച്ചത്. +36 1 234 5677 എന്ന നമ്പറിൽ നിന്നാണ് വ്യാജ ഭീഷണി കോൾ വന്നത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേന്ദ്ര രഹസ്യ അന്വേഷണ ഏജൻസി അത്തരത്തിൽ ഒരു കോളുകളും ആർക്കും ചെയ്തിട്ടില്ലെന്നും, വിഷയത്തിൽ ഐ.ബി. ക്ക് യാതൊരു പങ്കുമില്ലെന്നും വ്യക്തമായി.

കേരളത്തിൽ നവമാധ്യമങ്ങളിലൂടെ സംഘപരിവാറിന്റെ വ്യജ പ്രചാരണങ്ങൾ പൊളിച്ചടുക്കുന്നത് ബി.ജെ.പി യെ കാര്യമായി പ്രതിരോധത്തിലാക്കുന്നുണ്ട്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുൻപ് സജീവമായി സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കുന്ന പ്രൊഫൈലുകൾ നിർജീവമാക്കാൻ ഇടപെടൽ നടത്തുകയാണ് സംഘപരിവാർ. ഇതിന്റെ ഭാഗമായാണ് ഇത്തരം വ്യാജ ഭീഷണി സന്ദേശങ്ങൾ എന്നാണു സൂചന.