തെങ്ങുകളും വാഹനങ്ങളും കാരണം റണ്‍വേ കാണുന്നില്ല; തിരുവനന്തപുരം വിമാനത്താവളത്തിനെതിരെ പൈലറ്റുമാരുടെ പരാതി

single-img
27 December 2018

ഉയരംകൂടിയ തെങ്ങുകളും വാഹനങ്ങളും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയുടെ കാഴ്ച മറയ്ക്കുന്നുവെന്ന് പൈലറ്റുമാരുടെ പരാതി. ഡയറക്ടര്‍ ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) സുരക്ഷാവിഭാഗം നടത്തിയ ഓഡിറ്റിലാണ് പൈലറ്റുമാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയ കൂട്ടപ്പരാതിയെക്കുറിച്ചുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഓള്‍സെയിന്റ്‌സ് മുതല്‍ വേളിവരെയുള്ള ഭാഗത്തെ ഉയരംകൂടിയ തെങ്ങിന്‍കൂട്ടവും മുട്ടത്തറ-പൊന്നറ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുമാണ് റണ്‍വേയുടെ കാഴ്ച മറയ്ക്കുന്നതെന്നാണ് പൈലറ്റുമാരുടെ പരാതിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മരങ്ങള്‍ക്കൊപ്പം ടൈറ്റാനിയം ഫാക്ടറിയുടെ ഉയരംകൂടിയ ചിമ്മിനിയും വിമാനങ്ങളുടെ സഞ്ചാരപാതയ്ക്ക് തടസമാകുന്നതായി പരാതിയുണ്ട്. അതിനാല്‍ ചിമ്മിനിയുടെ ഉയരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറി അധികൃതര്‍ക്കും നഗരസഭയ്ക്കും എയര്‍പോര്‍ട്ട് അതോറിറ്റി കത്ത് നല്‍കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 3.398 കിലോമീറ്റര്‍ ആണ്. കാഴ്ചതടസം കാരണം റണ്‍വേയുടെ ഈ മുഴുവന്‍ നീളവും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. ഓള്‍സെയിന്റ്‌സ് ഭാഗത്തുള്ള റണ്‍വേയുടെ 200 മീറ്ററും മുട്ടത്തറ ഭാഗത്തുള്ള റണ്‍വേയുടെ 450 മീറ്ററും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് പൈലറ്റുമാര്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മുട്ടത്തറ പാലത്തിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഓള്‍സെയിന്റ്‌സ് മുതല്‍ വേളിവരെയുള്ള തെങ്ങുകള്‍ മുറിച്ചുമാറ്റണമെന്നും ഡി.ജി.സി.എ. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയതായും ഇതു സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.