വനിത മതിലില്‍ പങ്കെടുക്കുമെന്ന് തുഷാര്‍: ഹിന്ദുക്കളിലെ ജന്തുക്കളായി ഞങ്ങളെ കാണുന്നവരുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
27 December 2018

സര്‍ക്കാരിന്റെ വനിതാ മതിലിനെ പിന്തുണച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സാഹചര്യം ഒത്തുവന്നാല്‍ മതിലിനു പിന്തുണയുമായി എത്തും. വനിതാ മതില്‍ ശബരിമലക്ക് എതിരല്ല. അയ്യപ്പജ്യോതിയോട് വിയോജിപ്പില്ലെന്നും തുഷാര്‍ പറഞ്ഞു.

എന്‍.ഡി.എയോ ബി.ജെ.പിയോ നടത്തുന്ന പരിപാടിയല്ല അയ്യപ്പ ജ്യോതി. എന്‍.ഡി.എ നടത്തുന്ന പരിപാടിയില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നാണ് ബി.ഡി.ജെ.എസ് തീരുമാനം. ശബരിമല കര്‍മ്മസമിതി ബി.ജെ.പി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയില്‍ നിന്ന് എന്‍.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വിട്ടു നിന്നിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി തുഷാര്‍ രംഗത്തെത്തിയത്.

അതിനിടെ, ഹിന്ദുക്കളിലെ ജന്തുക്കളായി ഞങ്ങളെ കാണുന്നവരുണ്ടെന്ന് എസ്.എന്‍.ഡി.പി.ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പട്ടിക ജാതിക്കാരനും പിന്നാക്കകാരനും ഇപ്പോഴും അമ്പലങ്ങളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ ശാന്തി നിയമനം ഇപ്പോള്‍ നടന്നിട്ടും തൃശൂരില്‍ അവരെ ശാന്തിയാക്കിയില്ല. അങ്ങനെ ഒരുപാട് ദുഃഖത്തിന്റെ കഥ ഞങ്ങള്‍ക്ക് പറയാനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഒരുപാട് വിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിയ കേരളമാണിത്. ക്ഷേത്രങ്ങളിലായാലും സമൂഹത്തിലായാലും ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അനാചാരങ്ങളും ആചാരങ്ങളുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതികള്‍ കയറേണ്ടതില്ലാ എന്നാണ് അഭിപ്രായം.

ആനപ്പിണ്ടം എടുക്കാന്‍ പോലും ഗുരുവായൂരില്‍ ഒരുപട്ടിക ജാതിക്കാരനെ നിയമിച്ചിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുന്നൂറിലധികം ജീവനക്കാരുണ്ട്. ഒരാളെ പോലും പട്ടിക ജാതിപിന്നാക്ക വിഭാഗക്കാരനെ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.