ഒന്നരമാസം മുമ്പ് കോഴിക്കോട് നിന്നും കാണാതായ സന്ദീപിനെ കാമുകിക്കൊപ്പം മുംബൈയില്‍ നിന്നും കണ്ടെത്തി; തിരോധാന നാടകമുണ്ടാക്കിയത് കുടുംബക്കാരെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കാന്‍

single-img
27 December 2018

ഒന്നരമാസം മുമ്പ് കോഴിക്കോട് നിന്നും കര്‍ണാടകയിലേക്ക് പോയ മൊകേരി സ്വദേശി എസ്. സന്ദീപിനെ കണ്ടെത്തി. പാലാഴി ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ‘ഐ ബേര്‍ഡ്’ മീഡിയ കമ്പനി മാര്‍ക്കറ്റിങ് മാനേജറായ ഇയാളെ മുംബൈയിലെ കല്‍വയില്‍ വെച്ചാണ് കാമുകി അശ്വനിയോടൊപ്പം അന്വേഷണ സംഘം കണ്ടെത്തിയത്.

ഭാര്യയെയും അഞ്ച് വയസുകാരന്‍ മകനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം സന്ദീപ് മുംബൈയിലേക്ക് പോകുകയായിരുന്നു. കുടുംബക്കാരെയും സുഹൃത്തുകളെയും തെറ്റിദ്ധരിപ്പിക്കാനായാണ് തിരോധാന നാടകമുണ്ടാക്കിയത്. സ്ഥലത്തെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഇരുവരേയും കണ്ടെത്തിയത്.

നവംബര്‍ 25നാണ് സന്ദീപിനെ കാണാതായത്. 24ന് പുലര്‍ച്ചെ ബൈക്കിലാണ് കര്‍ണാടകയിലേക്ക് പോയത്. നല്ലളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സൗത്ത് അസി. കമ്മീഷണര്‍ കെ.പി. അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി.

കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ അശ്വനിയെ ഡിസംബര്‍ 10ാം തീയതി മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. സന്ദീപ് ജോലി ചെയ്തിരുന്ന കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മീഡിയ കമ്പനിയില്‍ കുറച്ചുകാലം ജോലി നോക്കിയിരുന്ന പെണ്‍കുട്ടിയാണ് അശ്വനി.

നവംബര്‍ 24ന് ആയിരുന്നു സന്ദീപ് തന്റെ ബൈക്കുമെടുത്ത് കര്‍ണാടകയിലേക്ക് പോയത്. തുടര്‍ന്ന് 25ാം തീയതി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്രപോവുന്ന ശീലമുള്ള സന്ദീപ് വീട്ടില്‍ പറഞ്ഞ രണ്ട് ദിവസത്തിന് ശേഷവും എത്താതായതോടെയായിരുന്നു ഭാര്യ ഷിജി കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മൊകേരി സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറച്ച് കാലമായി കോഴിക്കോട് പാലാഴിയിലായിരുന്നു താമസം.

ബൈക്കും പൊട്ടിയ വാച്ചും കര്‍ണാടക തുംഗ നദിക്കരയില്‍ പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും ഇത് കൊലപാതകമാണെന്ന് നാട്ടുകാരേയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാന്‍ സന്ദീപ് കരുതിക്കൂട്ടി ചെയ്ത ഐ.ടി ബുദ്ധിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ സ്വര്‍ണക്കടത്തുകാരാണ് കാണാതായതിന് പിന്നില്‍ എന്നുവരെ പറഞ്ഞിരുന്നുവെങ്കിലും നവംബര്‍ 25ാം തീയതി മുതല്‍ സന്ദീപ് മുംബൈയ്ക്ക് മുങ്ങിയിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

തന്റെ ഫോണ്‍ സംബന്ധിച്ച് അന്വേഷണം നടത്തുക്കുന്നുണ്ടെന്ന് രഹസ്യമായി അറിഞ്ഞ സന്ദീപ് ആദ്യം ഇവിടെ നിന്നും കടന്ന് കളഞ്ഞുവെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പോയെന്ന് ധരിച്ച് വീണ്ടും സ്ഥലത്തെത്തിയതോടെയാണ് മുംബൈ പോലീസിന്റെ സഹായത്തോടെ ഇരുവരേയും കണ്ടെത്തിയത്. ബൈക്ക് കണ്ടെത്തിയ തുംഗ നദിയില്‍ ആദ്യം അന്വേഷണ സംഘം കര്‍ണാടക പോലീസിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരെ അടക്കം എത്തിച്ച് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല.

സ്ഥലത്ത് പിടിവലി നടന്നതായുള്ള സൂചനയും ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ ഖാദറിന്റെ നിര്‍ദേശ പ്രകാരം കോസ്റ്റല്‍ സി.ഐ പി.ആര്‍ സതീശന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് വഴിത്തിരിവായി അശ്വനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ കേസ് വന്നത് തുടര്‍ന്ന് കേസ് ആ വഴിക്ക് നീക്കുകയായിരുന്നു.

സന്ദീപ് മുംബൈയില്‍ ഉണ്ടെന്നറിഞ്ഞ് കഴിഞ്ഞ എട്ട് ദിവസമായി കേരള പോലീസ് ഇവിടെ തങ്ങിയിരുന്നു. എസ്.ഐ പി. രാമകൃഷണന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മോഹന്‍ദാസ്, രണ്‍വീര്‍, അബ്ദുള്‍ റഹ്മാന്‍, ഷാഫി എന്നിവരായിരുന്നു മുംബൈയില്‍ എത്തിയത്. ഇവരെ കണ്ടെത്തിയതോടെ ഒന്നരമാസത്തിലേറെയായി നീണ്ടു നിന്ന ഒരു തിരോധാന നാടകത്തിനാണ് തിരശ്ശീല വീണത്.