മോദി വിരുദ്ധന്‍ സുപ്രധാന ചുമതലയിലേക്ക്: ബിജെപിയിലെ സമവാക്യങ്ങള്‍ മാറുന്നു

single-img
27 December 2018

ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഏറെക്കാലമായി തഴയപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവും മോദി വിമര്‍ശകനുമായി അറിയപ്പെടുന്ന ഗോര്‍ധന്‍ സദാഫിയ ഏറെ നിര്‍ണായകമായ യുപിയുടെ ചുമതലയുമായി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. ബി.ജെ.പിയിലെ സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2002 ല്‍ ഗുജറാത്ത് കലാപകാലത്ത് അവിടെ ആഭ്യന്തര മന്ത്രിയായിരുന്നു സദാഫിയ. വര്‍ഗീയ കലാപം തടയുന്നതിന് ഇടപെട്ടില്ല എന്ന ആരോപണം അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു. വൈകാതെ മോദി അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.
മോദിയുടെ കടുത്ത വിമര്‍ശകനായി മാറിയ സദാഫിയ 2007 ല്‍ ബിജെപി വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിച്ചു.

പിന്നീട് ബിജെപി വിമതനായ കേശുഭായ് പട്ടേലുമായി കൈകോര്‍ത്തു. 2014ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. പ്രമുഖ പട്ടേല്‍ നേതാവായ സദാഫിയയാണ് ഹര്‍ദിക് പട്ടേലിനെ ബിജെപിക്കെതിരെ തിരിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും പറയപ്പെടുന്നു. മോദിയുടെ അനിഷ്ടത്തിന് പാത്രമായ പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പിയില്‍ നിന്ന് പുറത്തുപോയതാണ് സദാഫിയ നേതൃത്വത്തിന് വീണ്ടും പ്രിയങ്കരനായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കടുപ്പമേറിയതാവും എന്ന തിരിച്ചറിവിലാണ് സദാഫിയയെ പോലെയുള്ളവരെ പ്രധാന ചുമതലകളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണക്കാര്‍ അമിത് ഷായും നരേന്ദ്ര മോദിയുമാണെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കടുത്ത വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് മോദി വിരുദ്ധനെ സുപ്രധാന ചുമതലയേല്‍പ്പിച്ചത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് അമിത് ഷായെ ഉന്നമിട്ടുള്ള വിമര്‍ശന ശരങ്ങള്‍ തുടരുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷന് തന്നെയെന്ന് ഗഡ്കരി സമര്‍ഥിക്കുമ്പോഴും ശരമേല്‍ക്കുന്നത് മോദിക്ക് കൂടിയാണ്. ആര്‍എസ്എസ് അറിയാതെ ഗഡ്കരി തുടര്‍ച്ചയായി ഷാ മോദി അച്ചുതണ്ടിനെതിരെ വെടിപൊട്ടിക്കില്ല എന്നതും വ്യക്തമാണ്. ഇതിനിടയിലാണ് ബി.ജെ.പിയിലെ സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചന പുറത്തുവരുന്നത്.