18,500 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് ശ്രീധരന്‍ പിള്ള: ‘സിപിഎമ്മുകാരുടെ ഭാര്യമാരും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു’

single-img
27 December 2018

കഴിഞ്ഞദിവസത്തെ അയ്യപ്പജ്യോതിയില്‍ സി.പി.എമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ‘സി.പി.എം. ഇപ്പോള്‍ മുങ്ങുന്ന കപ്പലായി. കോണ്‍ഗ്രസ് എഴുതി തള്ളേണ്ട അവസ്ഥയിലുമായി.

ഒട്ടേറെ കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളടക്കം ബി.ജെ.പിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്’. കഴിഞ്ഞ കാലയളവില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് 18,500 പേരാണ് ബി.ജെ.പിയിലെത്തിയത്. ഇത് ബി.ജെ.പിയുടെ ജനപിന്തുണ വര്‍ദ്ധിച്ചതിന്റെ തെളിവാണ്. അയ്യപ്പജ്യോതിക്ക് ബി.ജെ.പി പിന്തുണ അറിയിക്കുകയാണ് ചെയ്തത്.

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ എളുപ്പമല്ലെന്ന് സി.പി.എമ്മിന് ബോധ്യപ്പെട്ടു. മതില്‍ തട്ടികൂട്ടാന്‍ ശ്രമിച്ചവര്‍ക്ക് അത് എളുപ്പമല്ലെന്ന് മനസിലായി. വനിതാ മതില്‍ നെഗറ്റീവാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ മലക്കംമറിയുന്നത്.

ആദ്യം ഹിന്ദു സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാമെന്ന് തീരുമാനിച്ചവര്‍ ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയും പങ്കെടുപ്പിക്കുന്നു. ഇതുതന്നെ വനിതാ മതില്‍ പരാജയമാണെന്നതിന്റെ തെളിവാണ്’ ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ഡി.ജെ.എസ് നേതാക്കള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും, ബി.ഡി.ജെ.എസ്. വിശ്വാസികളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് പാര്‍ട്ടികളെ കൂടി ഇടതുമുന്നണിയിലെടുത്തത് വോട്ടുകിട്ടുമെങ്കില്‍ സി.പി.എം എന്തും ചെയ്യുമെന്നതിന്റെ തെളിവാണ്. നായര്‍ വോട്ടുകള്‍ ലക്ഷ്യംവെച്ചാണ് ബാലകൃഷ്ണ പിള്ളയെ മുന്നണിയിലെടുത്തിരിക്കുന്നത്. ബാലകൃഷ്ണപിള്ള യു.ഡി.എഫിലേക്ക് പോയപ്പോള്‍ ഏറെ ആക്ഷേപിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും, അവര്‍ ഇത്രയും ഗതികേടിയിലെത്തിയ കാലഘട്ടമുണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

‘നവോത്ഥാനമെന്ന വാക്കുമായി സിപിഎമ്മിന് ബന്ധമില്ല. ഏത് നവോത്ഥാനമാണ് സിപിഎം നടത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചശേഷം എന്ത് നവോത്ഥാനമാണുണ്ടാക്കിയത്’ അദ്ദേഹം ചോദിച്ചു.