മുത്തലാഖ് ബില്‍ അവതരിപ്പിച്ചു; മുസ്ലിം വിവാഹ മോചനം മാത്രം ക്രിമിനല്‍ കുറ്റമാകുന്നതെങ്ങിനെയെന്ന് പ്രതിപക്ഷം: സഭയില്‍ പ്രതിപക്ഷ ബഹളം

single-img
27 December 2018

മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ബില്‍ മതത്തിനോ വിശ്വാസങ്ങള്‍ക്കോ എതിരല്ലെന്ന് നിയമമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും നീതിയും ഉറപ്പാക്കുകയാണ് ബില്ലിലുടെ ലക്ഷ്യമിടുന്നത്.

20 ഇസ്‌ലാമിക രാജ്യങ്ങള്‍ നിരോധിച്ച മുത്തലാഖ് നിര്‍ത്തലാക്കാന്‍ മതേതര രാജ്യത്തിന് സാധിക്കില്ലെയെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷവുമായി ബില്ലില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അതേസമയം മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും തൃണമൂല്‍ കോണ്‍ഗ്രസും ഇതേ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള എ.ഐ.എ.ഡി.എം.കെ അംഗങ്ങളും മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

പൗരന്റെ മൗലിക അവകാശങ്ങളെ ലംഘിക്കുന്ന ഭേദഗതികളാണ് കേന്ദ്രം നിയമത്തില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മറ്റു മതങ്ങളിലെ വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലാതിരിക്കുമ്പോള്‍ മുസ്‌ലിംകളുടെ വിവാഹമോചനം മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസെടുത്താല്‍ സ്ത്രീകളുടെ പ്രശ്‌നം തീരുമോ എന്നും പ്രതിപക്ഷം ചോദിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വിമര്‍ശിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുത്തലാഖ് ബില്‍ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലീംപുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോണ്‍ഗ്രസിനു വേണ്ടി സംസാരിച്ച എംപി സുശ്മിതാ ദേവ് ആരോപിച്ചു. മുത്തലാഖ് ക്രമിനില്‍ കുറ്റമാക്കണമെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2017 ഓഗസ്റ്റ് 22ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

നിയസഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ബലം നല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷവിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം നിറുത്തുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിനൊപ്പം ടിഡിപിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ ബില്ല് പാസാക്കണം എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബില്ല് പാസാക്കാന്‍ അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ സഹകരണവും ബിജെപി തേടിയിട്ടുണ്ട്.

ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശം ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. 1000 സ്ത്രീകളെ മുത്തലാഖ് പ്രമുഖ് എന്ന പേരില്‍ പ്രചരണത്തിന് നിയോഗിക്കാനാണ് തീരുമാനം.