അയ്യപ്പജ്യോതിയില്‍ 21 ലക്ഷം ഭക്തര്‍ അണിനിരന്നെന്ന് മലയാള മനോരമ; പത്തു ലക്ഷം പേരെന്ന് സംഘാടകര്‍: മനോരമ വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
27 December 2018

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ 21 ലക്ഷം പേര്‍ അണിനിരന്നെന്ന അവകാശവാദവുമായി മലയാള മനോരമ.

സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ പത്ത് ലക്ഷം പേര്‍ അയ്യപ്പജ്യോതി തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.പി ശശികല പറഞ്ഞിരുന്നു. അതിനെയെല്ലാം മറികടന്നു കൊണ്ടാണ് മലയാള മനോരമയുടെ ഈ അവകാശവാദം.

മനോരമയുടെ ഈ അവകാശവാദത്തിനെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി നില്‍ക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം പതിമൂന്ന് ലക്ഷമാണ് എന്നാണ് വൈശാഖന്‍ തമ്പി എന്നയാള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വൈശാഖന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു മനുഷ്യശരീരത്തിന് ശരാശരി അര മീറ്റര്‍ വീതിയുണ്ടാകും (സാമാന്യം തടിയുള്ളവര്‍ക്ക് അതില്‍ കൂടുതലും നല്ല മെലിഞ്ഞവര്‍ക്ക് അതില്‍ താഴെയുമായിരിക്കും) അപ്പോള്‍ രണ്ടുപേര്‍ തോളോട് തോള്‍ മുട്ടി നിന്നാല്‍ ഒരു മീറ്ററായി. ആയിരം പേര്‍ അങ്ങനെ നിന്നാല്‍ 500 മീറ്റര്‍ അഥവാ അര കിലോമീറ്റര്‍. ഇനി, മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ റോഡ് ദൂരം 640 കിലോമീറ്റര്‍ ആണ്, 6,40,000 മീറ്റര്‍. അതിനെ മുകളിലോട്ട് റൗണ്ട് ചെയ്ത് ആറരലക്ഷമാക്കിയേക്കാം. അങ്ങനെയെങ്കില്‍, അത്രയും ദൂരമുള്ള റോഡില്‍ എത്ര പേര്‍ക്ക് തോള്‍ ചേര്‍ന്ന് നില്‍ക്കാം?

6.5 ലക്ഷം X = 13 ലക്ഷം

ജേണലിസ്റ്റ് പുലികളോടാണ് പ്രധാനമായും ഇത് പറയുന്നത്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി നില്‍ക്കാവുന്ന പരമാവധി ആളുകളുടെ എണ്ണമാണ്. അതും കൈകോര്‍ത്ത് നില്‍ക്കുന്ന കാര്യമല്ല, കൈകള്‍ താഴ്ത്തിയിട്ട് തോളോട് തോള്‍ മുട്ടിനില്‍ക്കുന്ന കാര്യമാണ് പറയുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. വലിയ വലിയ സംഖ്യകള്‍ ചുമ്മാ എടുത്തങ്ങ് വീശരുത്. ഏത് ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും തള്ളുകള്‍ക്കുണ്ടാകട്ടെ മൂന്നാം ക്ലാസിലെ കണക്കിന്റെ സ്മരണകള്‍!