‘ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാലാണ്; അല്ലാതെ ചട്ടമ്പിമാരുടെ ശരണംവിളികണ്ട് പേടിച്ചിട്ടല്ല’: തുറന്നടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
27 December 2018

തിരുനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ പ്രത്യേക താത്പര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അങ്ങനെ എന്തെങ്കിലും താത്പര്യമുണ്ടെങ്കില്‍ അതിന് ശക്തിയില്ലാത്ത സര്‍ക്കാരൊന്നുമല്ല ഇത്. എന്നേ യുവതികളെ പ്രവേശിപ്പിച്ചേനെ. രണ്ട് മൂന്ന് ചട്ടമ്പിമാര്‍ അവിടെ നില്‍ക്കുന്നതൊന്നും സര്‍ക്കാരിന് വല്യകാര്യമല്ല.

ഇക്കാര്യത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ആദ്യമേ കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും കടകംപള്ളി പറഞ്ഞു. ശബരിമല അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആക്ടിവിസ്റ്റുകള്‍ക്ക് പ്രവര്‍ത്തന മികവ് കാണിക്കാനുളള സ്ഥലമല്ല ശബരിമല.

മനിതി സംഘം മലകയറാന്‍ എത്തിയപ്പോഴുണ്ടായ പോലീസ് നടപടി പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെ വ്യാജ പ്രചരണങ്ങളിലൂടെ ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

തുലാമാസ പൂജയ്ക്കും ആട്ടവിശേഷ നാളിലും നടന്ന ആക്രമപ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണിത്. കാണിക്ക സിപിഎം ഓഫീസിലേക്ക് പോകുന്നതെന്നതടക്കമുള്ള നട്ടാല്‍ കുരുക്കാത്ത നുണപ്രചാരണങ്ങളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാജ്യംഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രചരിപ്പിച്ചത്.

അതേസമയം ആന്ധ്രയില്‍ നിന്നടക്കം യുവതികളായ സാധാരണ ഭക്തരും ഇങ്ങോട്ടേക്ക് വരുന്നുണ്ട്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരെല്ലാം ആക്ടിവിസ്റ്റുകളല്ലെന്നും കടംകംപള്ളി പറഞ്ഞു. ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരേ മന്ത്രി വീണ്ടും വിമര്‍ശനം ഉന്നയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നിരീക്ഷക സമിതി പരിശോധിച്ചാല്‍ പോരെന്നും സംഘര്‍ഷ സാഹചര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ തയാറാകണമെന്നും ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു.