പിണറായിക്കും പാര്‍ട്ടിക്കാര്‍ക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും?: പൊട്ടിത്തെറിച്ച് കെ. സുരേന്ദ്രന്‍

single-img
27 December 2018

കണ്ണൂരില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സിപിഎം അതിക്രമം ഉണ്ടായിട്ടും അക്രമികളെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയാറാകുന്നില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പോലീസ് നോക്കി നില്‍ക്കെയാണ് പയ്യന്നൂരും കരിവെള്ളൂരിലും ക്രിമിനലുകള്‍ അഴിഞ്ഞാടിയതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായിക്കും താങ്കളുടെ പാര്‍ട്ടിക്കാര്‍ക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും? ഈ ഇരട്ടനീതിയും നെറികേടും താങ്കള്‍ എത്രകാലം ഒരലങ്കാരമായി കൊണ്ടുനടക്കുമെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. മാധ്യമങ്ങളും പൊതുസമൂഹവും ഈ പ്രശ്‌നം ഗൗരവമായി കാണേണ്ടതല്ലേയെന്നും ചോദിച്ചാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അതേസമയം, അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ശബരിമല കര്‍മ സമിതിയുടെ ആഹ്വാനം. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍.കുമാര്‍ അറിയിച്ചു

ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതി ഭക്തജന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമായി. 310 സ്ഥലങ്ങളില്‍ പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും നടന്നു. കേരളത്തിനു പുറത്ത് 11 സംസ്ഥാനങ്ങളിലും അയ്യപ്പജ്യോതി തെളിച്ചു. അയ്യപ്പ ജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുണ്ടകള്‍ പല സ്ഥലങ്ങളിലും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്.

പയ്യന്നൂര്‍ അടുത്ത് പെരുമ്പ, കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ക്ക് പലതരത്തിലുളള പരുക്കേറ്റിട്ടുണ്ടെന്നും എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു.