അയ്യപ്പജ്യോതി ബഹിഷ്‌കരിച്ച് ബിഡിജെഎസ്; തുഷാറടക്കം വിട്ടുനിന്നു

single-img
27 December 2018

ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ നിന്ന് എന്‍ഡിഎയുടെ സുപ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വിട്ടുനിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തില്ല. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെയാണ് പരിപാടി സംഘടിപ്പിച്ചത്. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിലാണ് പരിപാടി നടത്തിയത്.

എന്‍ഡിഎയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. നേതാക്കള്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തീരുമാനം വേണം. വനിതാമതിലില്‍ താന്‍ എന്തിന് പങ്കെടുക്കണമെന്നും തുഷാര്‍ പറഞ്ഞു.

അതേസമയം അയ്യപ്പജ്യോതിയില്‍ പോകരുതെന്നോ പോകണമെന്നോ എസ്എന്‍ഡിപി അംഗങ്ങളോടോ ബിഡിജെഎസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുക്കാന്‍ സംഘടനാ തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഡിജെഎസ് നേതാക്കള്‍ പോയില്ല എന്ന് പറയുന്നത് ശരിയല്ല. ചിലരൊക്കെ പങ്കെടുത്തിട്ടുണ്ട്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് എസ്എന്‍ഡിപി പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത എസ്എന്‍ഡിപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.