ബാലന്‍ വക്കീലായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ ടീസര്‍ പുറത്ത്; സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പ്

single-img
27 December 2018

അഭിഭാഷകന്റെ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ ടീസര്‍ പുറത്തിറങ്ങി. ദിലീപ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷത്തോടെയാണ് ടീസര്‍ ഏറ്റെടുത്തിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ആയിരങ്ങളാണ് ടീസര്‍ കണ്ടത്.

ടീസര്‍ ഇന്ന് പുറത്തിറങ്ങുന്ന വിവരം ദിലീപ് ഇന്നലെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഫെബ്രുവരി 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്നതും പാസഞ്ചറിനു ശേഷം ദിലീപ് അഭിഭാഷക വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ടു കണ്‍ട്രീസിനു ശേഷം മമത ദിലീപിന്റെ നായികയാകുന്ന ചിത്രമാണിത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തില്‍ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിലെ വക്കീല്‍ വേഷമണിഞ്ഞ് നില്‍ക്കുന്ന ദിലീപിന്റെ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.

https://m.facebook.com/ActorDileep/