ആലുവയില്‍ 65കാരനെ ഹണിട്രാപ്പില്‍പ്പെടുത്തിയ സംഭവം: കിടപ്പറ ദൃശ്യത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി: യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവില്‍; പ്രതികള്‍ക്ക് സിനിമാ ബന്ധമെന്നും സൂചന

single-img
27 December 2018

ആലുവ ഹണിട്രാപ്പ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. അശോകപുരം സ്വദേശിയായ 65കാരനെയാണ് ഹണിട്രാപ്പില്‍പ്പെടുത്തിയത്. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ യുവതിയും ഇവരുടെ കൂട്ടാളികളുമാണ് പിടിയിലാകാനുള്ളത്.

കേസില്‍ പ്രധാന പ്രതിയായ തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ പോള്‍സണെ ആലുവ ഈസ്റ്റ് പോലീസ് തന്ത്രപരമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ യുവതി ജാര്‍ഖണ്ഡിലേക്ക് കടന്നതായിട്ടാണ് പോലീസിനു ലഭിച്ച സൂചന. വിശദമായ ചോദ്യം ചെയ്യലിനുശേഷം പൊമേറോയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

സിനിമയില്‍ സജീവമായിപ്രവര്‍ത്തിക്കുന്ന പൊമേറോ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റു പ്രതികള്‍ക്കും സിനിമാ ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതൊരു വലിയ റാക്കറ്റാണെന്നു പോലീസ് പറയുന്നു.

നെടുമ്പാശേരിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവതിയുടെ കൈവശമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. യുവതി ഭര്‍ത്താവുമൊത്ത് ഇപ്പോള്‍ വിദേശത്താണെന്നാണ് പ്രതി പറയുന്നതെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

ദൃശ്യങ്ങളെക്കുറിച്ച് ഒളിവില്‍ പോയ യുവതിക്ക് മാത്രമേ അറിയൂ എന്നാണ് പൊമേറോയുടെ മൊഴി. ദൃശ്യങ്ങള്‍ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പരാതിക്കാരനും. യുവതിയെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ ദൃശ്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്.

തുക കൈപ്പറ്റുന്നതിനായി ആലുവയിലെത്തിയ യുവതിയുടെ സുഹൃത്താണിയാള്‍. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റനെറ്റിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആലുവ അശോകപുരം സ്വദേശിയായ 65കാരനില്‍ നിന്ന് പ്രതികള്‍ പണം തട്ടിയത്.

രണ്ട് തവണയായി യുവതി നേരിട്ട് 17,000 രൂപ വാങ്ങി. ആദ്യം 5,000 രൂപയും പിന്നീട് 12,000 രൂപയും വാങ്ങി. പിന്നീടാണ് പൊമേറോ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. പൊമേറോ മുഖേന രണ്ടര ലക്ഷം രൂപ മധ്യവയസ്‌കനോട് ആവശ്യപ്പെട്ടു. പൊലീസിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലേക്ക് വിളിച്ച് വരുത്തിയശേഷമായിരുന്നു ഇയാളുടെ അറസ്റ്റ്.

ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നെങ്കിലും പൊലീസാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. സി.ഐ വിശാല്‍ ജോണ്‍സണ്‍, എസ് ഐമാരായ എം.എസ്. ഫൈസല്‍, എസ് ഐ മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.