പ്രണയാഭ്യര്‍ഥന നടത്തി പിന്നാലെ നടന്നു ശല്യംചെയ്തു; വീട്ടമ്മ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞു

single-img
27 December 2018

മഹാരാഷ്ട്രയിലെ താനെയിലാണു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തുഷാര്‍ പൂജാരെ (27) എന്ന യുവാവിന്റെ ജനനേന്ദ്രിയമാണ് 47 വയസ്സുകാരി അറുത്തെടുത്തത്. മള്‍ട്ടിനാഷനല്‍ ബാങ്കിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ് അക്രമത്തിനിരയായ തുഷാര്‍ പൂജാരെ. ഐസിയുവില്‍ തുടരുന്ന ഇയാളുടെ നില ഗുരുതരമാണ്.

സംഭവത്തില്‍ വീട്ടമ്മയെയും സഹായികളായ തേജസ് മാത്രെ, പ്രവീണ്‍ കെനിയ എന്നീ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ആഴ്ചകളായി യുവാവു ശല്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നു സ്ത്രീ പൊലീസിനോടു പറഞ്ഞു. ആദ്യം ഒറ്റയ്ക്കാണു കുറ്റം ചെയ്തതെന്നാണു സ്ത്രീ പൊലീസിനോടു പറഞ്ഞത്.

എന്നാല്‍ പൊലീസ് ഇതു വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്നു വിശദമായ അന്വേഷണത്തിലാണു കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അക്രമത്തിനിരയായ യുവാവിന്റെ ജനനേന്ദ്രിയവും അക്രമത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

തുടരന്വേഷണത്തിനായി പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. കൊലപാതകശ്രമമാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബാങ്ക് ജീവനക്കാരനായ യുവാവിനെ വായ്പ തരപ്പെടുത്താനെത്ത പേരില്‍ ആളൊഴിഞ്ഞ ഇടത്തേക്കു വിളിച്ചുവരുത്തിയാണ് പ്രതികള്‍ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഇവര്‍ തന്നെ ദോംബിവാലിയിലെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇയാളെ എയിംസ് ഹോസ്പിറ്റലിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ തുടരുകയാണ്. ജീവന്‍ രക്ഷിക്കുന്നതിനാണ് ഉടന്‍ തന്നെ യുവാവുമായി ആശുപത്രിയിലെത്തിയതെന്ന് സ്ത്രീ പൊലീസിനോടു പറഞ്ഞു.

ദിവസങ്ങള്‍ക്കു മുന്‍പ് അക്രമത്തിനിരയായ യുവാവു സ്ത്രീയെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അവരുടെ ഭര്‍ത്താവിനോടു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കുറ്റക്കാരിയായ സ്ത്രീയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഇതോടെയാണ് യുവതി രണ്ടുപേരെ കൂട്ടുപിടിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞത്.