വരാപ്പുഴ കസ്റ്റഡി മരണം: സസ്‌പെന്‍ഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

single-img
26 December 2018

വരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തു. അന്വേഷണം പൂര്‍ത്തിയായതിനാല്‍ തിരിച്ചെടുക്കാന്‍ തടമസമില്ലെന്ന ക്രൈംബ്രാഞ്ച് ശുപാര്‍ശയിലാണ് നിയമനം. സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക്, അഡീഷണല്‍ എസ്.ഐ ജയാനന്ദന്‍, സി.പി.ഒ മാരായ സുധീര്‍, സന്തോഷ് ബേബി, ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.

കേസുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായിരുന്ന എറണാകുളം മുന്‍ റൂറല്‍ എസ്പി: എ.വി.ജോര്‍ജിനെയും നേരത്തെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇന്റലിജന്‍സില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്പിയായിട്ടാണു നിയമനം. കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഈ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതില്‍ പ്രശ്‌നമില്ല എന്ന ഐ.ജി എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവരെ തിരിച്ചെടുത്തതെന്ന് എറണാകുളം റേഞ്ച് ഐജിയുടെ ഉത്തരവില്‍ പറയുന്നു.

കേസിന്റെ അന്വേഷണത്തില്‍ യാതൊരു സ്വാധീനവും ഈ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാവാനിടയില്ല എന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദങ്ങള്‍ക്ക് വഴിതെളിച്ചേക്കും. ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്റെ മരണം സര്‍ക്കാരിനേയും സമ്മര്‍ദത്തിലാക്കിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.