ഞാന്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്താല്‍ സി.പി.എമ്മിനെന്താ പ്രശ്‌നമെന്ന് സെന്‍കുമാര്‍

single-img
26 December 2018

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിക്കും. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പത്തു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. സര്‍ക്കാരിന്റെ വനിത മതിലിന് ബദലായാണു ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി പ്രഖ്യാപിച്ചത്.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിയിക്കുന്നതാണ് അയ്യപ്പജ്യോതി. ശബരിമലയിലെ യുവതീപ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ തുടക്കം മുതല്‍ സമരം ചെയ്യുന്ന ശബരിമല കര്‍മസമിതിയാണു സംഘാടകര്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്. ഇതിന് ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം ഇരുട്ടുനീക്കി വെളിച്ചം കൊണ്ടുവരാനാണ് അയ്യപ്പജ്യോതി സംഘടിപ്പിക്കുന്നതെന്നും താന്‍ ആ പരിപാടിയില്‍ പങ്കെടുത്താല്‍ സി.പി.എമ്മിന് എന്താണ് കുഴപ്പമെന്നും മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ചോദിച്ചു. വനിതാ മതില്‍ സംഘടിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവരാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്ത് പരിപാടിയില്‍ പങ്കെടുക്കണമെന്ന് താനാണ് തീരുമാനിക്കുന്നത്. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ചിലര്‍ക്ക് അത് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

വനിതാ മതില്‍ നിര്‍മിക്കാന്‍ കാണിക്കുന്ന പരിശ്രമത്തിന്റെ പകുതി കാണിച്ചാല്‍ ജനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കാന്‍ കഴിയും. പ്രളയബാധിതരായ രണ്ടായിരത്തോളം പേര്‍ ഇപ്പോഴും ക്യാംപുകളില്‍ കഴിയുകയാണ്. കേന്ദ്രസഹായം കൂടാതെ ഏകദേശം മൂവായിരം കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് പിരിഞ്ഞുകിട്ടിയിട്ടുണ്ട്. അതില്‍ 200 കോടിരൂപ ചിലവഴിച്ചാല്‍ മൂവായിരം വീടുകള്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.