ശബരിമല പോലെ എന്തുകൊണ്ടാണ് അയോധ്യ തീര്‍പ്പാക്കാത്തത്: സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം സുപ്രീംകോടതിയില്‍

single-img
26 December 2018

അയോധ്യ കേസില്‍ ജനുവരി നാലിന് വാദം കേള്‍ക്കാനിരിക്കെ സുപ്രീം കോടതിയില്‍ സമ്മര്‍ദം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ശബരിമല കേസ് വേഗം തീര്‍പ്പാക്കിയ കോടതിക്ക് ഇക്കാര്യത്തില്‍ എന്തിനാണ് ഇത്ര മടിയെന്നും മന്ത്രി ചോദിച്ചു.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും ഇടതു സംഘടനകളും രംഗത്തെത്തി.
കോടതിയില്‍ നിലവിലുള്ള കേസില്‍ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പ്രതികരിച്ചു. നിയമമന്ത്രി തന്നെ നിയമം ലംഘിക്കുന്നത് ശരിയല്ലെന്ന് ഇടതുസംഘടനകളും വ്യക്തമാക്കി.

അതേസമയം, അയോധ്യ കേസില്‍ അടുത്ത മാസം നാലിനു സുപ്രീംകോടതി വാദം കേള്‍ക്കും. രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ കേസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കുന്നതാവും ഉചിതമെന്ന് സുന്നി വഖഫ് ബോര്‍ഡ്, ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി തുടങ്ങിയവയ്ക്കുവേണ്ടി കപില്‍ സിബലും ദുഷ്യന്ത് ദവെയും മറ്റും കഴിഞ്ഞ ഡിസംബറില്‍ ബോധിപ്പിച്ചിരുന്നു. ഈ ആവശ്യം അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു നല്‍കിയ വിധിക്കെതിരെയുള്ള അപ്പീലുകളാണു കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് അന്ന് ഹൈക്കോടതി വിധിച്ചത്.

കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് തള്ളിയിരുന്നു. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയില്‍ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്പ് വാദം കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.