ക്യാമറയ്ക്ക് പോസ് ചെയ്ത് കളിക്കാതെ 15 ഖനിത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കൂ; മോദിയോട് രാഹുല്‍: മോദിയെ ചതിച്ചത് ക്യാമറയുടെയും ട്രോളിയുടെയും നിഴല്‍

single-img
26 December 2018

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ വേണ്ടശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ ശ്വാസത്തിനായി പിടയുമ്പോള്‍ മോദി ക്യാമറക്ക് പോസ് ചെയ്യുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

”വെള്ളം കയറിയ കല്‍ക്കരി ഖനിയില്‍ രണ്ടാഴ്ചയായി 15 തൊഴിലാളികള്‍ വായുവിനു വേണ്ടി ബുദ്ധിമുട്ടുകയാണ്. ആ സമയത്ത് പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ ക്യാമറകള്‍ക്കു പോസു ചെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ശേഷികൂടിയ പമ്പുകള്‍ നല്‍കാന്‍ മോദിയുടെ സര്‍ക്കാര്‍ തയാറാകുന്നില്ല. പ്രധാനമന്ത്രി ദയവുചെയ്ത് ഈ തൊഴിലാളികളെ രക്ഷിക്കൂ”, – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മേഘാലയയിലെ ഘനിയില്‍ ഡിസംബര്‍ 13 മുതല്‍ കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ രക്ഷാ ഉപകരണങ്ങള്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചിരുന്നു. ഇവര്‍ കുടുങ്ങിക്കിടക്കുന്ന കുഴിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് അടക്കമുള്ള ഉപകരണങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് ശ്രമം ഉപേക്ഷിച്ചത്.

ഒരാഴ്ചയ്ക്കു മുകളിലായി 100 കുതിരശക്തിയുള്ള പമ്പിനായി കാത്തിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. എന്നാല്‍ മേഘാലയ സര്‍ക്കാരിന്റെ കൈവശം അത്തരം പമ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 25 കുതിരശക്തിയുള്ള പമ്പുകളാണ് വെള്ളം പുറത്തേക്കു കളയാന്‍ ഉപയോഗിച്ചിരുന്നത്.

മരിച്ചോ ജീവിച്ചോ പോലും ഒരാളെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എസ്.കെ.ശാസ്ത്രി പറഞ്ഞു.

അതേസമയം, ക്യാമറയ്ക്കുവേണ്ടി കൈവീശുന്ന മോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ലോങ്‌റോഡ് ബ്രിഡ്ജായ ആസാമിലെ ബോഗിബീല്‍ പാലം ഉദ്ഘാടനം ചെയ്യവേ മുമ്പില്‍ നീങ്ങുന്ന ട്രോളി ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നുനീങ്ങുന്ന മോദിയുടെ വീഡിയോയാണ് വിവാദത്തിലായത്.

പാലത്തിനുതാഴെ ഒരു ട്രെയിനും വീഡിയോയില്‍ കാണാം. മോദി ട്രെയിനിലുള്ളവര്‍ക്കുനേരെ കൈവീശുന്നതാണ് ക്യാമറ ചിത്രീകരിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ഫ്രയിമില്‍ ക്യാമറയുടെയും ട്രോളിയുടെയും ചിത്രീകരിക്കുന്നയാളുടെയും നിഴല്‍ പതിഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. മികച്ച നടനാണെന്ന് മോദിയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് ചിലരുടെ പ്രതികരണം.