”ഇതുവരെ മലകയറിയത് 32 ലക്ഷം പേര്‍; വരുമാനം 105 കോടി; മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടി”

single-img
26 December 2018

മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. കഴിഞ്ഞ വര്‍ഷം എത്തിയത് 68 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രമാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ കണക്ക് പെരുപ്പിച്ച് കാട്ടിയെന്നും എ പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ ഈ വര്‍ഷം ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ എത്തി. ഈ വര്‍ഷം ഇതുവരെയുളള വരുമാനം 105 കോടിയെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 164 കോടി ആയിരുന്നു വരുമാനം. തീര്‍ഥാടനം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നും എ.പത്മകുമാര്‍ സന്നിധാനത്ത് ആരോപിച്ചു.

ഇത്തവണത്തെ അരവണ മോശമായിരുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആഗസ്റ്റ് മാസത്തിലാണ് ഈ വ്യാജ പ്രചരണം ഉണ്ടായത്. എന്നാല്‍ പ്രളയം കണക്കിലെടുത്ത് ആ മാസം അരവണ ഉത്പാദനം നടന്നിട്ടില്ല എന്നും പത്മകുമാര്‍ പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.