മോദിയുടെ വിദേശ യാത്രകള്‍ക്ക് താല്‍ക്കാലിക വിരാമം; അടുത്ത വര്‍ഷം വിദേശസന്ദര്‍ശനം നടത്തിയേക്കില്ല

single-img
26 December 2018

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള മാസങ്ങളില്‍ വിദേശയാത്രകള്‍ ഒന്നും നടത്തില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായാണ് വിദേശയാത്രകള്‍ ഒഴിവാക്കുന്നതെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ല്‍ പ്രധാന മന്ത്രിയായ ശേഷം മോദി 48 വിദേശയാത്രകളാണ് നടത്തിയത്. ഈ വര്‍ഷം മാത്രം 14 യാത്രകള്‍. പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുപുറമെ ബി.ജെ.പിയുടെ മുഖ്യ പ്രചാരകനാണ് മോദി. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

കഴിഞ്ഞവര്‍ഷങ്ങളില്‍ വച്ച് ഏറ്റവും വലിയ തോല്‍വിയാണ് ഈ അടുത്ത് നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ടത്. മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടിരുന്നു.

തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിച്ചതായാണ് പാര്‍ട്ടി വിലയിരുത്തല്‍. പൊതുതിരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനൊരുങ്ങുകയാണ് നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യത്തെ നേരിടാനുള്ള തയ്യാറെടുപ്പും ബി.ജെ.പി നടത്തേണ്ടതുണ്ട്.

അര്‍ജന്റീനയാണ് ഏറ്റവും ഒടുവില്‍ മോദി സന്ദര്‍ശിച്ച വിദേശരാജ്യം. ജനുവരി 21-23 തിയതികളിലായി വരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതിയ ദിവസ് ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പലപ്പോഴും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.