ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചു; നാല് പാര്‍ട്ടികള്‍ കൂടി മുന്നണിയിലേക്ക്

single-img
26 December 2018

മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചു. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെയാണ് ഇടതുമുന്നണിയിലെടുത്തത്.

ഐഎന്‍എല്‍, ലോക് താന്ത്രിക് ദള്‍ എന്നിവരെ മുന്നണിയിലെടുക്കാന്‍ രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ ശക്തിപ്പെടുത്താന്‍ മുന്നണി വിപുലീകരണം അനിവാര്യമാണന്നായിരുന്നു വിലയിരുത്തല്‍.

മന്ത്രിസ്ഥാനം അവകാശപ്പെടില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള പറഞ്ഞു. ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോണ്‍ഗ്രസിന്. എന്‍എസ്എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തീരുമാനങ്ങളെടുത്തിട്ടുണ്ട്.

താന്‍ എന്‍എസ്എസ് അംഗമാണ്. എന്നാല്‍ രാഷ്ട്രീയ നിലപാട് പാര്‍ട്ടിയുടേതു മാത്രമാണ്. വനിതാ മതിലില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സമരങ്ങളില്‍ ഭാഗമാകുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഘടകകക്ഷിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കിലും മുന്നണിക്കു കരുത്ത് പകര്‍ന്നിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു ലോക് താന്ത്രിക് ദളിന്റെ പ്രതികരണം. ദേശീയതലത്തിലും ഇടത് രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടും. ഇടതുപക്ഷ ആശയങ്ങള്‍ കൂടുതല്‍ ദൃഢമാകുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

25 വര്‍ഷത്തോളമായി എല്‍ഡിഎഫുമായി സഹകരിക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. നിരവധി തവണ മുന്നണി പ്രവേശനം എന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും നീണ്ടു പോവുകയായിരുന്നു. ഇടയ്ക്ക് എന്‍സിപിയുമായി ലയിച്ച് കേരള കോണ്‍ഗ്രസ് ബി മുന്നണിയുടെ ഭാഗമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ വിജയിച്ചില്ല. ഇതിനിടെയാണ് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ എല്‍ഡിഎഫ് സ്വീകരിച്ചത്.

കേരള കോണ്‍ഗ്രസ്എമ്മുമായി പിണങ്ങിയിറങ്ങിയ ജോസഫ് വിഭാഗം നേതാക്കള്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ പാര്‍ട്ടിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ എല്‍ഡിഎഫ് നല്‍കിയെങ്കിലും ഒരിടത്തും ജയിച്ചില്ല. കേരള കോണ്‍ഗ്രസ്ബിയുമായി ജനാധിപത്യ കേരള കോണ്‍ഗ്രസും ഒരുവട്ടം ലയന ചര്‍ച്ച നടത്തിയിരുന്നു. ഇതും മുന്നോട്ടുപോയില്ല. അതിനിടെയാണ് ഇടതുമുന്നണി പ്രവേശനം സാധ്യമായത്.

2009ല്‍ വടകര ലോക്‌സഭാ സീറ്റിന്റെ പേരില്‍ സിപിഎമ്മുമായി പിണങ്ങി മുന്നണിവിട്ട വീരേന്ദ്രകുമാര്‍ ലോക്താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടിയുമായാണ് മുന്നണിയില്‍ തിരിച്ചെത്തുന്നത്. മുന്നണി വിട്ടതോടെ പാര്‍ട്ടി പിളരുകയും ചെയ്തു. മുന്നണി വിട്ടതോടെ വീരേന്ദ്രകുമാര്‍ വിഭാഗം എച്ച്.ഡി. ദേവഗൗഡയുടെ പാര്‍ട്ടിയായ ജെഡിഎസില്‍ നിന്നും പിരിഞ്ഞ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവില്‍ ചേര്‍ന്നു. പിന്നീട് നിതീഷ് എന്‍ഡിഎയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ ശരത് യാദവ് പാര്‍ട്ടി പിളര്‍ത്തി ലോക്താന്ത്രിക് ജനതാദള്‍ രൂപികരിച്ചപ്പോള്‍ കേരളത്തിലെ വീരേന്ദ്രകുമാര്‍ വിഭാഗവും ഒപ്പം പോയി.