മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടുന്നു

single-img
26 December 2018

മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. ബിജെപിയിലെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഖഡ്‌സെയ്ക്ക് അടുത്തിടെയായി പാര്‍ട്ടിയില്‍ സ്വാധീനം കുറഞ്ഞിരുന്നു.

ജലസേചന മന്ത്രിയും മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ അടുത്തയാളുമായ ഗിരീഷ് മഹാജന്‍ പാര്‍ട്ടിയില്‍ കരുത്തനായതോടെയായിരുന്നു ഇത്. 2016ല്‍ ഭൂമി കുംഭകോണ ആരോപണത്തെ തുടര്‍ന്നാണ് ഖഡ്‌സെക്ക് റവന്യു മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഭുസാവലാണ് ഖഡ്‌സെയുടെ തട്ടകം.

ലേവ പാട്ടീല്‍ സമുദായത്തില്‍ നിന്നുള്ള ശക്തനായ നേതാവാണ് ഖഡ്‌സെ. ലേവ പാട്ടീല്‍ സമുദായത്തിന് വടക്കന്‍ മഹാരാഷ്ട്രയിലെ ജാല്‍ഗാവ്, ധൂലെ, നന്ദുര്‍ബാര്‍, നാസിക് ജില്ലകളില്‍ നിര്‍ണായക സ്വാധീനമുണ്ട്. ലേവ പട്ടേല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം രാജി സൂചന നല്‍കിയത്.

സമുദായത്തെ ശക്തിപ്പെടുത്താന്‍ അനീതിക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ‘ആര്‍ക്കും സ്ഥിരമായി ഒരു പാര്‍ട്ടിയുടേയും മേല്‍വിലാസമില്ല. ഒരു പാര്‍ട്ടിയില്‍ തന്നെ എല്ലാക്കാലവും തുടരണമെന്നുമില്ല, ആര്‍ക്കും അത് പ്രവചിക്കാനാകില്ല’ഖഡ്‌സെ പറഞ്ഞു.

ചടങ്ങില്‍ ഒപ്പം പങ്കെടുത്ത മുന്‍ കോണ്‍ഗ്രസ് എം.പി ഉല്‍ഹാസ് പാട്ടില്‍ ഖഡ്‌സെയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്‌സെയോട് കടുത്ത അനീതിയാണ് പാര്‍ട്ടി കാട്ടിയതെന്നും ഉല്‍ഹാസ് കുറ്റപ്പെടുത്തി. പിന്നീട് സംസാരിച്ച ഖഡ്‌സെ അനീതിക്കെതിരേ യോജിച്ച പോരാട്ടം വേണമെന്നും ഒന്നിച്ച് നിന്നാലേ അവര്‍ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും അഭിപ്രായപ്പെട്ടു.