വനിതാ മതിലിനെ പ്രതിരോധിക്കാൻ അയ്യപ്പ ജ്യോതി സംഗമം ഇന്ന്

single-img
26 December 2018

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കൽ. എൻ എസ് എസ് പിന്തുണ കൂടി ഉറപ്പായതോടെ പരിപാടിയിലൂടെ വലിയ രാഷ്ട്രീയനേട്ടമുണ്ടാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്. ഇതിന് ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച എന്‍എസ്എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതോടെ സര്‍ക്കാര്‍ നിലപാടിനു ബദലാണെന്ന രാഷ്ട്രീയമുഖവും വന്നതോടെ അയ്യപ്പജ്യോതിയുടെ വിജയവും പങ്കാളിത്തവും ഏറെ ചര്‍ച്ചയാവും. കാസര്‍കോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്നു തുടങ്ങി കളിയിക്കാവിളയില്‍നിന്നു തമിഴ്നാട്ടിലേക്കു കടക്കുന്ന രീതിയിലാണു ക്രമീകരണം. അങ്കമാലി വരെ ദേശീയപാതയിലും അതിനുശേഷം എംസി റോഡിലുമാണ് ജ്യോതി തെളിയിക്കുന്നത്.

വൈകിട്ട് അഞ്ചിനു പൊതുയോഗത്തോടെ പരിപാടിക്കു തുടക്കമാവും. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം സമ്മേളനത്തിലുണ്ടാകും. ആറിനു ദീപം തെളിയിക്കും. ആറരയ്ക്ക് അയ്യപ്പജ്യോതി സമാപിക്കും. മുൻ പിഎസ്‌സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര് തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ പങ്കാളിയാവും. തമിഴ്നാട്ടിലെ 69 കേന്ദ്രങ്ങളിലും ജ്യോതി െതളിയിക്കുന്നുണ്ട്.