സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 24 കാരിയായ ഗര്‍ഭിണിക്ക് എച്ച്.ഐ.വി ബാധിച്ചു; മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
26 December 2018

തമിഴ്‌നാട്ടില്‍ വിരുദുനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗര്‍ഭിണിക്ക് എച്ച്.ഐ.വി ബാധിച്ചു. സംഭവത്തില്‍ മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം വാര്‍ത്തയായതോടെ യുവതിക്കും ഭര്‍ത്താവിനും നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ രംഗത്തെത്തി.

ഡിസംബര്‍ മൂന്നിനാണ് എച്.ഐ.വി ബാധിച്ച യുവാവിന്റെ രക്തം യുവതി സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ കണ്ടെത്തിയിരുന്നു.

എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ ഇക്കാര്യം അറിയിച്ചില്ല. ഇയാളാകട്ടെ രക്തം ദാനം ചെയ്യുന്നത് തുടര്‍ന്നു. കഴിഞ്ഞ മാസം സര്‍ക്കാര്‍ ബ്ലഡ് ബാങ്കില്‍ ഇയാള്‍ രക്തം നല്‍കി. ഈ രക്തത്തില്‍ നിന്നാണ് ഗര്‍ഭിണിക്ക് എച്ച്.ഐ.വി ബാധിച്ചത്. പ്രസവത്തിന് ശേഷമേ കുഞ്ഞിന് എച്ച്.ഐ.വി ബാധയുണ്ടോ എന്ന് അറിയാന്‍ കഴിയൂവെന്ന് അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണിക്കും രക്തം ദാനം ചെയ്ത യുവാവിനും ചികിത്സ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.