നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിനു മുമ്പില്‍ സര്‍ക്കാര്‍ സഹായത്തിന് ഉപാധിവച്ച് സിപിഎം; പ്രതിഷേധം ശക്തം

single-img
24 December 2018

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആരോപണവുമായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം രംഗത്ത്. സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സിപിഎം ആവശ്യപ്പെട്ടതായി വിജിയുടെ അച്ഛന്‍ വര്‍ഗീസ് പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ച് സമരം നിര്‍ത്തുകയാണെന്ന് പറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടുവെന്നും വര്‍ഗീസ് പറഞ്ഞു.

സമരം നിറുത്തിയാല്‍ നഷ്ടപരിഹാരം വാങ്ങി തരാമെന്നും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ ജോലി നല്‍കാമെന്നും പറഞ്ഞു. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്നും ആനാവൂര്‍ പറഞ്ഞതായി വിജിയുടെ പിതാവ് വര്‍ഗീസ് പറഞ്ഞു.

കോടിയേരിയുമായി ചര്‍ച്ച ചെയ്യാമെന്നും ജില്ലാ സെക്രട്ടറി വാഗ്ദാനം ചെയ്തുവെന്നും വര്‍ഗീസ് വെളിപ്പെടുത്തി. ആന്‍സലന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചയെന്നും വര്‍ഗീസ് പറഞ്ഞു.

നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല.

നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് സനലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിന്റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.