യുവതികളെ പോലീസ് തിരിച്ചിറക്കുന്നു; ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; കലുഷിതമായി ‘മല’

single-img
24 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളുമായി പൊലീസ് താഴേക്ക് ഇറങ്ങുന്നു. ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെയാണ് യുവതികള്‍ മലയിറങ്ങുന്നത്. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം ശക്തമായതോടെ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലായി.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ യുവതികളെ താഴെയിറക്കുന്നു എന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍, തങ്ങളെ വീണ്ടും മല കയറ്റുമെന്ന് ഉറപ്പുണ്ടെങ്കില്‍ താഴെയിറക്കിയാല്‍ മതിയെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ചന്ദ്രാനന്ദന്‍ റോഡില്‍ ഭക്തര്‍ തിങ്ങിനിറയുകയും പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് പിന്മാറ്റം. ഇതിനിടെ, യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയാണു ബോധരഹിതയായത്.

പൊലീസ് ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു തിരിച്ചിറങ്ങില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് ബലമായിത്തന്നെ ഇവരെ തിരിച്ചിറക്കുകയാണ്. അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ടശേഷമാണ് ഇവര്‍ തിരിച്ചിറങ്ങുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സന്നിധാനത്തിന് ഏതാണ്ട് മുക്കാല്‍ കിലോമീറ്റര്‍ അകലെ ചന്ദ്രാനന്ദന്‍ റോഡില്‍ വച്ചാണ് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്.

രാവിലെ പൊലീസിനെ അറിയിക്കാതെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. മരക്കൂട്ടംവരെയുള്ള പ്രതിഷേധക്കാരെ നീക്കിയ പൊലീസ് ചന്ദ്രാനന്ദം റോഡിലെത്തിയപ്പോള്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തി യുവതികളെ തടയുകയായിരുന്നു. ഇതോട എട്ട് മണിമുതല്‍ ഏതാണ്ട് ഒമ്പതോമുക്കാലോളം ചന്ദ്രാനന്ദന്‍ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു.

അതേസമയം ശരിയായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ആക്ടിവിസ്‌റ്റെന്നും മാവോയിസ്‌റ്റെന്നും മുദ്രകുത്തി ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ആട്ടിപ്പായിക്കുന്നത് ശരിയല്ലെന്ന് ദര്‍ശനത്തിനെത്തിയ ബിന്ദു പറഞ്ഞു. ഭക്തിയോട് കൂടി മാലയിട്ട് കെട്ടുനിറച്ച് വന്ന ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ ആരെയാണ് നിങ്ങള്‍ ഭക്തരായി കാണുന്നതെന്ന് അറിയില്ല.

രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവര്‍ മാത്രമാണോ നിങ്ങള്‍ക്ക് ഭക്തരെന്നും അവര്‍ ചോദിച്ചു. ബിന്ദുവിനെയും കൂടെയെത്തിയ കനഗദുര്‍ഗയേയും അപ്പാച്ചിമേടില്‍ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ബിന്ദുവിന്റെ പ്രതികരണം

നിലവില്‍ കേരള സര്‍ക്കാരിലും പോലീസിലും വിശ്വാസമുണ്ട്. മാധ്യമ പബ്ലിസിറ്റിക്കാണ് തങ്ങള്‍ വന്നതെന്ന് പറയുന്നവരെ ജനങ്ങള്‍ തിരിച്ചറിയും. തന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നവര്‍ ഭക്തരും അല്ലാത്തവര്‍ ഭക്തരല്ലെന്നുമാണ് പറയുന്നത്. ശാസ്താവിനെ ദര്‍ശിക്കാനാണ് തങ്ങള്‍ വന്നതെന്നും അവര്‍ പറഞ്ഞു.

‘ഇവിടെ 144 പ്രഖ്യാപിച്ച സ്ഥലമാണ്. സമാധാനപരമായി നിയമപരമായിട്ടാണ് ദര്‍ശനത്തിന് പോകുന്നത്. രാജ്യത്തെ നിയമം നടപ്പാക്കണം, തുല്യത വേണം. സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കണം. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രി വാക്കു തന്നതാണ്. അത് പാലിക്കണം. നിലയ്ക്കല്‍ പോലീസ് സുരക്ഷിതമായി ഞങ്ങളെ പമ്പ വരെ എത്തിച്ചു. എന്ത് പ്രതിഷേധമുണ്ടായാലും കയറും. അതില്‍ ഒരു മാറ്റവുമില്ലെന്നും ഇരുവരും വ്യക്തമാക്കി.