ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസെടുത്തു; ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട് ആക്രമിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

single-img
24 December 2018

തിങ്കളാഴ്ച രാവിലെ ശബരിമല കയറാന്‍വന്ന യുവതികളെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയും നടപ്പന്തലില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. ശബരിമലയില്‍ ഇന്ന് ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കിയ നടപടികളോട് പ്രതികരിക്കുകയായിരുന്നു ലോക്‌നാഥ് ബെഹ്‌റ.

അതിനിടെ, ശബരിമലയിലെ സംഭവവികാസങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്ന് വി.എസ് പറഞ്ഞു. ശബരിമലയിലേക്ക് പോയ യുവതികളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.