ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ മലചവിട്ടുന്നു

single-img
24 December 2018

ശബരിമല ദർശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ മരക്കൂട്ടത്ത് വീണ്ടും തടഞ്ഞു. ശരണം വിളികളുമായെത്തിയ പ്രതിഷേധക്കാരാണു യുവതികളെ തടഞ്ഞത്. നേരത്തെ അപ്പാച്ചിമേട്ടിൽ ഇരുവരെയും തടഞ്ഞിരുന്നെങ്കിലും പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി. കനത്ത പൊലീസ് സുരക്ഷയിലാണു യുവതികൾ മലകയറിയത്. സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നിലയ്ക്കലിലെത്തിയ ഇവർക്ക് പൊലീസ് സുരക്ഷ നൽകുകയായിരുന്നു.

ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചു. എന്നാൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണു യുവതികൾ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുർഗ എന്നിവരാണു മലകയറാനെത്തിയത്. മലയിറങ്ങി വന്ന വിശ്വാസികളാണു യുവതികളെ തടഞ്ഞത്. വലിയ തോതിലുള്ള നാമജപ പ്രതിഷേധമാണ് ഇരുവർക്കുമെതിരെ ഉയരുന്നത്.

അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദർശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികൾ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികൾക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികൾ പ്രതികരിച്ചു. അതിനിടെ, മലപ്പുറത്ത് കനകദുർഗയുടെ വീടിനു മുന്നിലും പ്രതിഷേധമുയരുന്നുണ്ട്.

പമ്പ ഗാര്‍ഡ് റൂമില്‍ നിന്ന് രാവിലെ 6.45 ഓടെയാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്. 45 വയസ്സില്‍ താഴെയാണ് ഇവര്‍ക്ക് പ്രായം. നാമജപ പ്രതിഷേധത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു. ഇവര്‍ ഒരു മണിക്കൂര്‍ നേരം കൊണ്ട് സന്നിധാനത്ത് എത്തിയേക്കും എന്ന സൂചന വന്നതോടെ സന്നിധാനത്തും പ്രതിഷേധക്കാര്‍ സംഘടിക്കുന്നതായാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ ഞായറാഴ്ച ഒമ്പത് മണിക്കൂര്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മലയകറാനാകാതെ മടങ്ങിയിരുന്നു.

ഫോട്ടോ കടപ്പാട് : മനോരമ ന്യൂസ്