ഇതര ജാതിക്കാരനെ വിവാഹം കഴിച്ചു; മാതാപിതാക്കള്‍ യുവതിയെ ചുട്ടുകൊന്ന് ചാരം നദിയിലൊഴുക്കി

single-img
24 December 2018

അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് 20 കാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു. ഹൈദരാബാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ മഞ്ചേരിയല്‍ ജില്ലയിലെ കലമഡുകു ഗ്രാമത്തിലാണ് സംഭവം. അനുരാധ എന്ന യുവതിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ചില ബന്ധുക്കളുടെ സഹായത്തോടെയാണ് മാതാപിതാക്കള്‍ യുവതിയെ കത്തിച്ചുകൊന്നത്.

കലമഡുഗു ഗ്രാമത്തിലെ തന്നെ അയ്യൊരു ലക്ഷ്മിരാജം എന്ന ലക്ഷ്മണി(26) നെയാണ് അനുരാധ പ്രണയിച്ച് വിവാഹം ചെയ്ത്. ഡിസംബര്‍ 3ന് ഹൈദരാബാദിലേക്ക് ഒളിച്ചോടിയ ഇരുവരും ആര്യസമാജ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. ശേഷം ശനിയാഴ്ച ഇരുവരെയും പൊലീസ് സംരക്ഷണത്തില്‍ ലക്ഷ്മണിന്റെ വീട്ടില്‍ എത്തിച്ചു.

എന്നാല്‍ ഇവിടെ എത്തിയ ബന്ധുക്കള്‍ ലക്ഷ്മണിനെ ക്രൂരമായി ആക്രമിച്ച ശേഷം അനുരാധയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. വീട്ടിലേക്ക് കൊണ്ടുപോയ യുവതിയെ ബന്ധുക്കളും മാതാപിതാക്കളും ചേര്‍ന്ന് നാട്ടുകാരുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് അനുരാധയുടെ മൃതദേഹം നിര്‍മല്‍ ജില്ലയിലെ മല്ലാപൂരിലുള്ളൊരു കുന്നില്‍ കൊണ്ട് പോയി കത്തിച്ചു. ശേഷം ചാരം പുലര്‍ച്ചെ പ്രദേശത്തെ അരുവിയില്‍ ഒഴുക്കിയതായി പൊലിസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ലക്ഷ്മണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനുരാധയുടെ പിതാവ് സത്തണ്ണയെയും അമ്മ ലക്ഷ്മിയെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ തെലങ്കാനയില്‍ പ്രണയ് കുമാര്‍ എന്ന ദളിത് യുവാവിനെ ഭാര്യാ പിതാവിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട അമൃതയെ വിവാഹം കഴിച്ചതായിരുന്നു പ്രകോപനം. ഭാര്യ അമൃതയുടെയും അമ്മയുടെയും മുന്നില്‍വെച്ചാണ് പ്രണോയിയെ വെട്ടികൊന്നത്.