ബി.ജെ.പി തമിഴ്‌നാട് സെക്രട്ടറിയോടൊപ്പമുള്ളത് മനിതി സംഘാംഗമല്ല; ‘മനിതി’യ്‌ക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ പൊളിയുന്നു

single-img
24 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനാംഗം വിജയലക്ഷ്മിയെ സംഘപരിവാര്‍ പ്രവര്‍ത്തകയാക്കിയ സോഷ്യല്‍മീഡയയിലെ വ്യാജ പ്രചരണം പൊളിയുന്നു. ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയുടെ കൂടെ നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും ശബരിമല ദര്‍ശനത്തിന് വന്ന മനിതി സംഘാംഗം വിജയലക്ഷ്മിയുടെ ചിത്രവും ഫോട്ടോഷോപ്പ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത്.

മനിതി സംഘത്തിന്റെ പിന്നിലും സംഘപരിവാര്‍? എന്ന അടിക്കുറിപ്പോടെയാണ് ഈ പ്രചരണം. എന്നാല്‍ അനുചന്ദ്രയുടെ കൂടെ നില്‍ക്കുന്ന സ്ത്രീ മനിതി സംഘത്തിലുള്ള വിജയലക്ഷ്മിയല്ലെന്ന് ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. രണ്ടാമത്തെ ചിത്രത്തില്‍ കാണുന്നത് മനിതി പ്രവര്‍ത്തകയായ, മധുരൈ ഹൈക്കോടതിയിലെ അഭിഭാഷകയായ വിജയലക്ഷ്മിയാണെന്നും ആദ്യത്തെ ചിത്രത്തില്‍ കാണുന്ന മറ്റാരോ ആണെന്നും വ്യക്തമാണ്.

മറ്റൊരു മനിത പ്രവര്‍ത്തകയായ ശെല്‍വിക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. മനിതി സംഘം സാക്കിര്‍ നായ്ക്കിന്റെ അനുയായികളാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ഇവര്‍ക്ക് പിന്നില്‍ ഭീകരസംഘടനയാണെന്ന് ശ്രീധരന്‍ പിള്ളയും ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മനിതി സംഘം ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സംഘം പിന്‍തിരിയുകയായിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധി മുന്‍ നിര്‍ത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പതിനൊന്നംഗ സംഘം ദര്‍ശനത്തിനെത്തിയത്. ആ സംഘത്തിലുണ്ടായിരുന്നയാളാണ് വിജയലക്ഷ്മി.