ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട യുവതിയുടെ വീടിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം

single-img
24 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം. കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം കനകദുര്‍ഗ പമ്പയിലെത്തിയത്.

45 വയസിന് താഴെയാണ് ഇരുവരുടെയും പ്രായം. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.

അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും യുവതികള്‍ക്കെതിരെ പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

അതേസമയം ശരിയായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ആക്ടിവിസ്‌റ്റെന്നും മാവോയിസ്‌റ്റെന്നും മുദ്രകുത്തി ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ആട്ടിപ്പായിക്കുന്നത് ശരിയല്ലെന്ന് ദര്‍ശനത്തിനെത്തിയ ബിന്ദു പറഞ്ഞു. ഭക്തിയോട് കൂടി മാലയിട്ട് കെട്ടുനിറച്ച് വന്ന ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ ആരെയാണ് നിങ്ങള്‍ ഭക്തരായി കാണുന്നതെന്ന് അറിയില്ല.

രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവര്‍ മാത്രമാണോ നിങ്ങള്‍ക്ക് ഭക്തരെന്നും അവര്‍ ചോദിച്ചു. ബിന്ദുവിനെയും കൂടെയെത്തിയ കനഗദുര്‍ഗയേയും അപ്പാച്ചിമേടില്‍ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ബിന്ദുവിന്റെ പ്രതികരണം

നിലവില്‍ കേരള സര്‍ക്കാരിലും പോലീസിലും വിശ്വാസമുണ്ട്. മാധ്യമ പബ്ലിസിറ്റിക്കാണ് തങ്ങള്‍ വന്നതെന്ന് പറയുന്നവരെ ജനങ്ങള്‍ തിരിച്ചറിയും. തന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നവര്‍ ഭക്തരും അല്ലാത്തവര്‍ ഭക്തരല്ലെന്നുമാണ് പറയുന്നത്. ശാസ്താവിനെ ദര്‍ശിക്കാനാണ് തങ്ങള്‍ വന്നതെന്നും അവര്‍ പറഞ്ഞു.

‘ഇവിടെ 144 പ്രഖ്യാപിച്ച സ്ഥലമാണ്. സമാധാനപരമായി നിയമപരമായിട്ടാണ് ദര്‍ശനത്തിന് പോകുന്നത്. രാജ്യത്തെ നിയമം നടപ്പാക്കണം, തുല്യത വേണം. സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കണം. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രി വാക്കു തന്നതാണ്. അത് പാലിക്കണം. നിലയ്ക്കല്‍ പോലീസ് സുരക്ഷിതമായി ഞങ്ങളെ പമ്പ വരെ എത്തിച്ചു. എന്ത് പ്രതിഷേധമുണ്ടായാലും കയറും. അതില്‍ ഒരു മാറ്റവുമില്ലെന്നും ഇരുവരും വ്യക്തമാക്കി.