തിരുവനന്തപുരത്തിനു പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്; മലകയറുന്ന വിവരം തനിക്ക് അറിയില്ലെന്ന് കനകദുര്‍ഗയുടെ ഭര്‍ത്താവ്

single-img
24 December 2018

അയ്യപ്പ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ബലം പ്രയോഗിച്ചാണ് യുവതികളെ പോലീസ് ആംബുലന്‍സില്‍ തിരിച്ചിറക്കിയത്. യുവതികളില്‍ ഒരാളായ കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പോലീസ് അറിയിച്ചു. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, മലകയറാനെത്തിയ യുവതികളുടെ വീടുകള്‍ക്കു മുന്‍പിലും നാമജപ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്തിനു പോകുകയാണെന്നു പറഞ്ഞാണു കനകദുര്‍ഗ വീട്ടില്‍നിന്നു പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. മലകയറുന്ന വിവരം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് യുവതികള്‍ ശബരിമലയില്‍ എത്തിയത്. യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ച ശേഷമാണ് മലയിറക്കിയത്. മടങ്ങാന്‍ തയാറാകാതിരുന്ന ബിന്ദുവിനെ ബലം പ്രയോഗിച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്.

മലയിറങ്ങുന്നതിനിടെയും യുവതികള്‍ പ്രതിഷേധം അറിയിച്ചു. യുവതികള്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പോലീസ് ആംബുലന്‍സ് എത്തിച്ച് ബലം പ്രയോഗിച്ചാണ് യുവതികളെ ഇവിടെനിന്നും നീക്കിയത്. യുവതികളുമായി മലയിറങ്ങുന്നതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

ഉന്തിനും തള്ളിനുമിടെ ന്യൂസ് 18 ചാനല്‍ കാമറാമാന് പരിക്കേറ്റു. ഇയാളുടെ കൈ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, തനിക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ കനക ദുര്‍ഗയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും പോലീസ് നിര്‍ബന്ധിച്ച് മലയിറക്കുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന ബിന്ദു പറഞ്ഞു.

ഗസ്റ്റ് റൂമിലേക്കാണെന്നു പറഞ്ഞാണ് താഴേക്കു കൊണ്ടുപോയത്. തനിക്കോ കനകദുര്‍ഗയ്‌ക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. എത്ര ദിവസം വേണമെങ്കിലും തടഞ്ഞുവയ്ക്കാം. പക്ഷേ ദര്‍ശനം നടത്താതെ തിരികെപോവില്ല. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു.

അതിനിടെ, പമ്പയിലും ശരണപാതയിലും മനിതി സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. വഴി തടഞ്ഞവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണു മനിതി അംഗങ്ങള്‍ മടങ്ങിയത്. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പൊലീസ് നീക്കം രാവിലെ പാളുകയായിരുന്നു.

പത്ത് മീറ്റര്‍ മുന്നോട്ടു പോയ മനിതി സംഘത്തിനു നേരെ പാഞ്ഞടുത്തത് അഞ്ഞൂറിലധികം ഭക്തരാണ്. മനിതി സംഘാംഗങ്ങള്‍ ജീവനും കൊണ്ട് തിരിച്ചോടി. പൊലീസ് യുവതികളെ ഉടന്‍ വാഹനത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.